നെൽവയലുകൾ കുത്തിമറിച്ച് കാട്ടുപന്നികൾ; നിസഹായരായി കർഷകർ
1496483
Sunday, January 19, 2025 2:20 AM IST
നെന്മാറ: കതിര് വരാറായ നെൽപ്പാടങ്ങളിൽ വ്യാപകനാശം വരുത്തി കാട്ടുപന്നികൾ. അയിലൂർ പഞ്ചായത്തിലെ ഒറവഞ്ചിറ, മരുതഞ്ചേരി, പെരുമാങ്കോട്, ചെട്ടികൊളുമ്പ് തുടങ്ങിയ പാടശേഖരങ്ങളിലാണ് വ്യാപകമായി നെൽകൃഷി നാശം വരുത്തിയിരിക്കുന്നത്.
നിറയെ വെള്ളമുള്ള നെൽപ്പാടങ്ങളിൽവരെ ചെടികൾ വേരോടെ ഉഴുതുമറിച്ച നിലയിൽ മറിച്ചിടുകയും ചവിട്ടിയും കിടന്നുരുണ്ടും നെൽച്ചെടികൾ നശിപ്പിച്ചതിന് പുറമേ വെള്ളം കെട്ടിനിർത്തിയ വരമ്പുകളും വരമ്പുകളുടെ ഉൾഭാഗങ്ങളും കുത്തിമറിച്ച് നാശം വരുത്തി. നെൽച്ചെടികളുടെ നാശത്തിന് പുറമേ നെൽപ്പാടങ്ങളിലെ വെള്ളം സംഭരിച്ചു നിർത്താൻ കഴിയാത്ത സ്ഥിതിയാണ്. നെൽച്ചെടികളിൽ കതിരുകൾ നിരക്കുന്നതിന് മുമ്പേതന്നെ ഇത്തരത്തിൽ നാശം തുടർന്നാൽ നെൽക്കതിരായാൽ ശേഷിക്കുന്നവ വിളവെടുക്കാനും കൂടി കഴിയാത്ത സ്ഥിതി ഉണ്ടാകുമെന്ന് പ്രദേശത്തെ കർഷകർ പറയുന്നു.
കാട്ടുപന്നി നിർമാർജനം ഫലപ്രദമാകാത്തതും വെടിവെച്ചു കൊല്ലാൻ ഷൂട്ടർമാരെ കിട്ടാത്തതും ഷൂട്ടർമാർക്ക് പഞ്ചായത്തും സർക്കാരും പ്രതിഫലം നൽകാത്തതും കാട്ടുപന്നിയെ സംരക്ഷിക്കുന്ന ഫലമാണ് ചെയ്യുന്നത്. നെൽച്ചെടികളുടെ വേരുപടലത്തിന് അടിയിലുള്ള മണ്ണിര പോലുള്ള ചെറുജീവികളെ തിന്നാനായാണ് ചെടികളെ ഒന്നാകെ കുത്തി മറിക്കുന്നതെന്നാണ് കർഷകരുടെ നിഗമനം.
കാട്ടുപന്നി ആക്രമണം ഭീതി മൂലം നെൽപ്പാടങ്ങളിൽ കാവൽ ഇരിക്കാനും കർഷകർ ഭയക്കുകയാണ്. ഒന്നാം വിളയിൽ കനത്ത വിളനാശത്തിനുശേഷം ഏറെ പ്രതീക്ഷയിലായിരുന്നു രണ്ടാംവിള.