മംഗലംഡാമിൽ കാട്ടാന എത്തുന്നത് ആറര പതിറ്റാണ്ടിനുശേഷം
1496487
Sunday, January 19, 2025 2:20 AM IST
മംഗലംഡാം: വനപ്രദേശത്തുനിന്നും ഏറെ ദൂരമുള്ള മംഗലംഡാമിലും കാട്ടാനയെത്തി. ഇന്നലെ രാവിലെ ഡാമിൽ മത്സ്യം പിടിക്കാനെത്തിയ മത്സ്യതൊഴിലാളികളാണ് അട്ടവാടി ഭാഗത്ത് റിസർവോയറിൽ വെള്ളത്തിൽ കാട്ടു കൊന്പനെ കണ്ടത്. കുട്ടവഞ്ചിയിലിരുന്ന് തലേന്ന് ഇട്ടുവച്ച വല എടുക്കുന്നതിനിടെ മത്സ്യതൊഴിലാളിയായ മണിയാണ് ആനയെ ആദ്യം കണ്ടത്.
പേടിച്ച് പിന്മാറിയ മത്സ്യതൊഴിലാളികൾ കരയിലെത്തി വനപാലകരെ വിവരമറിയിച്ചു. വനപാലകർ പല ടീമുകളായി പല വഴിയിലായിനിന്നു. ഇതിനിടെ ഡാമിൽ നിന്നും ആന കരയ്ക്ക് കയറി ഓടംതോട് സിവിഎം കുന്ന് ഭാഗത്തെ തേക്കുതോട്ടത്തിലേക്കു മാറി.
ഇന്നലെ പകൽ മുഴുവൻ ഈ ഭാഗത്താണ് ആന കറങ്ങിയത്.ചുറ്റുഭാഗവും വീടുകളുള്ള പ്രദേശമാണ് ഇവിടെയെല്ലാം. ഇതിനാൽ പകൽസമയം ആനയെ തുരത്താൻ ശ്രമം നടത്തിയാൽ ഭയപ്പെട്ട് ആന ആൾത്താമസമുള്ള സ്ഥലത്തേക്ക് ഇറങ്ങുമെന്നുപറഞ്ഞ് നടപടികളിലേക്കുനീങ്ങാതെ വനംവകുപ്പ് പകൽ മുഴുവൻ ആനയെ നിരീക്ഷിച്ചുനിന്നു. രാത്രിയായാൽ ആനയെ കയറ്റി വിടുമെന്നാണ് വനം വകുപ്പ് പറയുന്നത്.
ആന സ്വയം വന്ന വഴി തന്നെ മടങ്ങി കാടുകയറുമെന്ന കണക്കുകൂട്ടലിലാണ് വനംവകുപ്പ്. പേടിച്ചിരിക്കുന്ന പ്രദേശവാസികളെ ആശ്വസിപ്പിക്കാൻ സാങ്കേതികത്വം പറഞ്ഞ് ഒഴിഞ്ഞുമാറിയെന്നുമാത്രം. ആനയെ കാടുകയറ്റാൻ പാലക്കാട് ആർആർ ടീമിന്റെ സഹായവും തേടിയിട്ടുണ്ട്. മേഖലയിലാകെ ജാഗ്രതാ നിർദേശം നൽകിയിരിക്കുകയാണ്. ആറര പതിറ്റാണ്ടിനിടെ ഇതാദ്യമായാണ് മംഗലംഡാമിൽ കാട്ടാന എത്തുന്നത്. ഡാം നിർമിക്കുന്നതിനുമുന്പ് ആനയുള്ള സ്ഥലമായിരുന്നെങ്കിലും ഡാം നിർമാണത്തിനുശേഷം ആന ഇറങ്ങാറില്ല.
കടപ്പാറ ചെന്പൻകുന്ന്, കടമപ്പുഴ വഴിയാകണം ആന രണ്ടാം പുഴയിലെത്തിയിട്ടുണ്ടാവുകയെന്നാണ് കരുതുന്നത്. അവിടെനിന്നും അട്ടവാടിയിലെത്തി സിവിഎം കുന്നിൽ കയറി നിൽക്കുകയായിരുന്നു. രണ്ടുദിവസംമുന്പ് രണ്ടാംപുഴയിൽ മാറാട്ടുകളം മാത്യുവിന്റെ കൃഷിയിടത്തിൽ ആനയെത്തിയിരുന്നു. ചൂരുപ്പാറയിൽ രവിയുടെ കൃഷിയിടത്തിലും ആന എത്തിയതിന്റെ കാൽപ്പാടുകളുണ്ട്.