ബസിലിക്കയുടെ പ്രവർത്തനങ്ങൾ മാതൃക: മാർ താഴത്ത്
1591967
Tuesday, September 16, 2025 1:53 AM IST
തൃശൂർ: പ്രത്യാശയുടെ തീർഥാടകരാകുക എന്ന കത്തോലിക്കാസഭയുടെ 2025 ജൂബിലിവർഷത്തിലെ ആഹ്വാനത്തെ ആസ്പദമാക്കി ശതാബ്ദിവർഷത്തിൽ തൃശൂർ ബസിലിക്ക നടപ്പാക്കുന്ന കാരുണ്യപ്രവർത്തനങ്ങൾ മാതൃകാപരമെന്ന് അതിരൂപത മെത്രാപ്പോലീത്ത മാർ ആൻഡ്രൂസ് താഴത്ത്.
2024ൽ വയനാട് ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ ആ വർഷത്തെ ഊട്ടുതിരുനാൾ റദ്ദാക്കി മാറ്റിവച്ച 20,01,353 രൂപയുടെ ചെക്ക് വയനാടിന്റെ പുനരധിവാസത്തിനു മാനന്തവാടി അതിരൂപത സഹായമെത്രാൻ മാർ അലക്സ് താരാമംഗലത്തിനു കൈമാറി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കെസിബിസി വാഗ്ദാനം ചെയ്ത നൂറു വീടുകളുടെ നിർമാണം നടക്കുകയാണെന്നും ജാതിമതഭേദമെന്യേ ദുരിതബാധിതർക്കു കൈമാറുമെന്നും മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു.
പരിശുദ്ധ വ്യാകുലമാതാവിന്റെ ഏഴു വ്യാകുലങ്ങൾ ആദ്യമായി ഒരു ഗാനത്തിൽ ഉൾക്കൊള്ളിച്ചു പുറത്തിറക്കുന്ന മാതപാത എന്ന കാസറ്റിന്റെ പ്രകാശനവും മാർ ആൻഡ്രൂസ് താഴത്ത് മാർ അലക്സ് താരാമംഗലത്തിനു കൈമാറി നിർവഹിച്ചു.
ചടങ്ങിൽ ബസിലിക്ക റെക്ടർ ഫാ. തോമസ് കാക്കശേരി, മുൻ റെക്ടർ ഫാ. ഫ്രാൻസിസ് പള്ളിക്കുന്നത്ത്, നടത്തുകൈക്കാരൻ ടി.ടി. ജോസഫ്, ശതാബ്ദി ആഘോഷ കമ്മിറ്റി ജനറൽ കണ്‍വീനർ ടി.കെ അന്തോണിക്കുട്ടി എന്നിവർ പ്രസംഗിച്ചു. രാവിലെ ഒന്പതുമുതൽ ആരംഭിച്ച ഊട്ടുനേർച്ചയിൽ ആയിരങ്ങൾ പങ്കെടുത്തു. രാത്രി ഒന്പതുവരെ നേർച്ചവിതരണം ഉണ്ടായിരുന്നു.