കയ്പമംഗലം സ്വദേശിക്ക് നോട്ടീസും 5000 രൂപ പിഴയും
1591681
Monday, September 15, 2025 1:10 AM IST
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട നഗരസഭ ഓഫീസ് പരിസരത്ത് ഭക്ഷണ അവശിഷ്ടങ്ങള്‍ നിക്ഷേപിച്ചതുമായി ബന്ധപ്പെട്ട് നഗരസഭ അധികൃതര്‍ക്ക് ലഭിച്ച പരാതിയില്‍ കയ്പമംഗലം സ്വദേശിക്ക് നോട്ടീസും 5000 രൂപ പിഴയും.
ഇരിങ്ങാലക്കുട നഗരസഭ മുന്‍ കൗണ്‍സിലറും അഭിഭാഷകനുമായ പി.ജെ. തോമസ് നല്കിയ പരാതിയിലാണ് നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നടപടി. കഴിഞ്ഞ മാസം 28ന് രാത്രി ഒന്‍പതോടെ നഗരസഭ ഓഫീസിന്റെ പാര്‍ക്കിംഗ് ഷെഡിന് അടുത്ത് വച്ച് സ്കൂട്ടറില്‍ വന്ന് പ്ലാസ്റ്റിക് ബക്കറ്റില്‍ നിന്നും തെരുവുനായ്ക്കള്‍ക്ക് ഇരിങ്ങാലക്കുട സ്വദേശിയായ ശ്രീകുമാര്‍ എന്ന വ്യക്തി ഭക്ഷണ അവശിഷ്ടങ്ങള്‍ നല്‍കിയതായി കാണിച്ചാണ് പരാതി നല്‍കിയിരുന്നത്.
ഇയാളുടെ പ്രവൃത്തി നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയിട്ടും സിന്ധു കല്യാണമണ്ഡപം പരിസരത്തും പ്രവൃത്തി തുടരുകയായിരുന്നുവെന്നും ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കനാല്‍ ബേസ് പരിസരത്ത് തെരുവുനായ മൂന്ന് പേരെ കടിച്ചതും മുനിസിപ്പല്‍ മൈതാനത്ത് നടക്കാനും കളിക്കാനും എത്തുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും തെരുവുനായ്ക്കള്‍ ഭീഷണി ആയി മാറിയിട്ടുണ്ടെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇയാള്‍ ഭക്ഷണം തെരുവുനായ്ക്കള്‍ക്ക് നല്‍കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും നല്കാന് തയ്യാറായാണെന്നും പരാതിയില്‍ അഡ്വ. പി.ജെ. തോമസ് വ്യക്തമാക്കിയിരുന്നു.
പരാതിക്കാരന് നല്കിയ വണ്ടി നമ്പര്‍ മോട്ടോര്‍ വാഹനവകുപ്പുമായി ബന്ധപ്പെട്ട് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ വണ്ടി ഉടമസ്ഥന് കയ്പമംഗലം സ്വദേശി മനോഹരനാണ് പിഴ ചുമത്തി കൊണ്ട് നോട്ടീസ് നല്‍കിയിരിക്കുന്നത്. സ്കൂട്ടറിന് നിയമപരമായ രേഖകള്‍ ഒന്നും ഇല്ലെന്നും സൂചനയുണ്ട്.
തെരുവുനായ്ക്കള്‍ക്ക് പൊതുസ്ഥലങ്ങളില്‍ ഭക്ഷണാ വിശഷ്ടങ്ങള് നിക്ഷേപിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് നഗരസഭ ആരോഗ്യവിഭാഗം അറിയിച്ചു.