മാരാംകോട് സ്ഥലംനൽകാൻ വനംവകുപ്പ് അനുമതി നല്‍കുന്നില്ലെന്ന് ആദിവാസികൾ
1591964
Tuesday, September 16, 2025 1:53 AM IST
ചാലക്കുടി: അതിരപ്പിള്ളി പഞ്ചായത്തിലെ അരേക്കാപ്പ്, വീരാൻകുടി ഉന്നതികളിൽനിന്ന് കോടശേരി പഞ്ചായത്തിലെ മാരാംകോട് വനമേഖലയിൽ കുടിയേറിപ്പാർക്കുന്ന ആദിവാസികൾക്കു സ്ഥലം അനുവദിച്ചുകൊടുക്കുന്നതിൽ വനംവകുപ്പ് തടസം സൃഷ്ടിക്കുന്നതായി ആദിവാസികൾ കുറ്റപ്പെടുത്തി.
ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ആറുമാസംമുന്പ് ഇവിടെ സ്ഥലം അളന്നുതിട്ടപ്പെടുത്തി 47 കുടുംബങ്ങളെ മാറ്റിത്താമസിപ്പിക്കുന്നതിനു ശ്രമം നടത്തിയിരുന്നു. ഇത് അനുവദിച്ചുകിട്ടുന്നതിലെ കാലതാമസമാണ് ഇവിടെ കുടിൽകെട്ടി താമസിക്കാൻ ഇടയാക്കിയത്.
ആദ്യം താമസിച്ചിരുന്ന സ്ഥലത്തു വഴിയില്ല. റോഡിലേക്കു ചെങ്കുത്തായ നടവഴിയിലൂടെ മൂന്നു കിലോമീറ്റർ നടക്കണം. ഇവിടെ ആന, കരടി, കടുവ, പുലി എന്നിവയെ പേടിക്കാതെ ജീവിതം തള്ളിനീക്കാമെന്ന് ഊരൂമൂപ്പൻ പറഞ്ഞു.
36 കുടുംബങ്ങളാണ് ഇതുവരെ എത്തിയിട്ടുള്ളത്. ബാക്കിയുള്ളവർ ഈയാഴ്ച എത്തിച്ചേരും.
ആദിവാസികൾക്ക് ആവശ്യമായ ഭൂമി പതിച്ചുനൽകാൻ അടിയന്തരനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കാരുണ്യ സോഷ്യൽ ഗ്രൂപ്പ് പ്രസിഡന്റ് കെ.എം. ജോസിന്റെ നേതൃത്വത്തിൽ കേന്ദ്ര വനം-പരിസ്ഥിതിമന്ത്രിക്കും സംസ്ഥാന വനംമന്ത്രി എ.കെ. ശശീന്ദ്രനും നിവേദനം നൽകി കാത്തിരിക്കുകയാണ് ആദിവാസികുടുംബങ്ങൾ.