അന്തിക്കാട് പോലീസ് മർദനം: അഖിലിനെ വി.എം. സുധീരൻ സന്ദർശിച്ചു
1591678
Monday, September 15, 2025 1:10 AM IST
അരിമ്പൂർ: അന്തിക്കാട് പോലീസിന്റെ മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ് തൃശൂർ ദയ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അരിമ്പൂർ സ്വദേശി അഖിൽ യേശുദാസിനെ മുൻ കെപി സിസി പ്രസിഡന്റ് വി.എം. സുധീരൻ സന്ദർശിച്ചു.
പോലീസിൽ നിന്നുണ്ടായ അനുഭവങ്ങൾ അഖിലിനോട് ചോദിച്ചറിഞ്ഞ സുധീരൻ നീതിയ്ക്കുവേണ്ടി അഖിൽ നടത്തുന്ന ശ്രമങ്ങൾക്ക് എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്ന് അറിയിച്ചു. അഖിലിന്റെ അമ്മ റീനയുമായും ആശയവിനിമയം നടത്തിയാണ് മടങ്ങിയത്. ഡിസിസി ജന. സെക്രട്ടറി അഡ്വ. വി. സുരേഷ് കുമാർ ഒപ്പമുണ്ടായിരുന്നു. കഴിഞ്ഞ വർഷം സെപ്റ്റംബർ 30ന് കാഞ്ഞാണി പെരുമ്പുഴ പാതയിൽവച്ച് അഖിൽ ഓടിച്ച ഓട്ടോറിക്ഷ ഇടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു എന്നു പറഞ്ഞ് സ്റ്റേഷനിൽ വിളിച്ചു വരുത്തിയായിരുന്നു അന്നത്തെ എസ്ഐ ആയിരുന്ന വി.പി. അരിസ്റ്റോട്ടിൽ മർദിച്ചത്.തന്റെ വാഹനമല്ല അതെന്ന് പറഞ്ഞിട്ടും എസ്ഐ മർദിക്കുകയായിരുന്നുവത്രെ.
ഇതിനിടെ പിതാവിനെ തെറി പറഞ്ഞത് ചോദ്യം ചെയ്തപ്പോൾ എസ്ഐ മുഖത്തടിക്കുകയും ചെയ്തു. മുഖത്തടിച്ചത് പ്രതിരോധിക്കാൻ ശ്രമിച്ചപ്പോൾ കയ്യിലെ മോതിരംകൊണ്ട് എസ്ഐയുടെ മുഖത്തിന് പരിക്കേറ്റു. ഇതോടെ പ്രകോപിതനായ പോലീസുകാർ തന്നെ നാല് മണിക്കൂർ നേരം മർദിച്ചതായി അഖിൽ ആരോപിച്ചിരുന്നു.വിലങ്ങിട്ട് മുട്ടുകാല് കൊണ്ടായിരുന്നു മർദനം. ബൂട്ടിട്ട കാലുകൊണ്ട് ചവിട്ടി. സംഭവം പുറത്ത് പറഞ്ഞാൽ കഞ്ചാവ് കേസിൽ കുടുക്കുമെന്നും പോലീസുകാർ പറഞ്ഞതായി അഖിൽ പറഞ്ഞു.
ശ്വാസകോശത്തിന് ഗുരുതര പരിക്കേറ്റ് ജീവിതം തള്ളി നീക്കുകയായിരുന്ന അഖിലിന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞ ദിവസമാണ് ശസ്ത്രക്രിയക്ക് വിധേയമാക്കിയത്.