വയോധികന്റെ നിവേദനം സ്വീകരിക്കാതെ സുരേഷ് ഗോപി ; വീട്ടിലെത്തി നിവേദനം സ്വീകരിച്ച് മുകുന്ദൻ എംഎൽഎ
1591683
Monday, September 15, 2025 1:10 AM IST
തൃപ്രയാർ: വയോധികനിൽനിന്ന് നിവേദനം സ്വീകരിക്കാതിരുന്ന കേന്ദ്രസഹമന്ത്രിയും തൃശൂർ എംപിയുമായ സുരേഷ് ഗോപിയുടെ നടപടിയിൽ വ്യാപക വിമർശനം.
പുള്ള് സ്വദേശി തായാട്ട് കൊച്ചുവേലായുധനെന്ന വയോധികനാണ് തെങ്ങുവീണു തകർന്ന വീടിന്റെ അറ്റകുറ്റപ്പണിക്കുള്ള സഹായംതേടി സുരേഷ് ഗോപിക്ക് അപേക്ഷ നൽകാനെത്തിയത്. കഴിഞ്ഞദിവസം ആലപ്പാട് പുള്ളിൽ സംഘടിപ്പിച്ച കലുങ്ക് വികസന സംവാദത്തിനിടെയായിരുന്നു വേലായുധൻ സുരേഷ് ഗോപിയെ കാണാനെത്തിയത്.
നിവേദനം വാങ്ങാൻ വിസമ്മതിച്ച സുരേഷ് ഗോപി അതൊന്നും എംപിയുടെ ജോലിയല്ലെന്നും പോയി പഞ്ചായത്തിൽ പറയ് എന്നുമായിരുന്നു പ്രതികരിച്ചത്. സമൂഹമാധ്യമങ്ങളിൽ വയോധികനെ അപമാനിക്കുന്ന ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ വിമർശനങ്ങളുയർന്നു. വേലായുധനു പിന്നാലെ വന്ന മറ്റൊരാൾ ഇതു കണ്ടതോടെ എംപിക്കു നൽകാനായി തയാറാക്കിയ നിവേദനം കൈയിൽ ചുരുട്ടുന്നതും വിഡിയോ ദൃശ്യങ്ങളിൽ കാണാം. സമൂഹ മാധ്യമങ്ങളിൽ കേന്ദ്രമന്ത്രിയുടെ ജനവിരുദ്ധ ചെയ്തി പലരും ഷെയർ ചെയ്തു.
ബിജെപി ഭരിക്കുന്നയിടങ്ങളിൽ മാത്രമേ എംപി ഫണ്ട് നൽകുകയുള്ളോ എന്ന ഒരാളുടെ ചോദ്യത്തിനും ’അതെ പറ്റുള്ളൂവെന്ന’ പരിഹാസമായിരുന്നു മറുപടി. മൂന്നു എംപിമാർ നൽകിയതിൽ കൂടുതൽ തൃശൂരിനു താൻ നൽകിയെന്നും കോർപറേഷനിൽ ബിജെപിയെ കൊണ്ടുവന്നാലെ നഗരവികസനത്തിന് എംപി ഫണ്ടിൽനിന്നു പണം നൽകുവെന്നുമായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.
പിന്നീട് വേലായുധന്റെ വീട്ടിലെത്തിയ സി.സി. മുകുന്ദൻ എംഎൽഎ നിവേദനം ഏറ്റുവാങ്ങി. വീടിനു മുകളിൽ തെങ്ങ് വീണപ്പോൾ റവന്യൂ ദുരന്ത നിവാരണവകുപ്പിൽനിന്നും 1.20 ലക്ഷം ലഭ്യമാക്കിയിരുന്നതായും പുതിയ വീട് നിർമിക്കാൻ ലൈഫ് ഭവന പദ്ധതിയിൽ മുൻഗണന നൽകി തദ്ദേശ സ്വയംഭരണവകുപ്പ് മുഖേനെ ഇടപെടൽ നടത്തുമെന്നും സി.സി. മുകുന്ദൻ എംഎൽഎ വേലായുധന് ഉറപ്പുനൽകി.