മതപരിവർത്തന നിരോധന നിയമം ഗൂഢലക്ഷ്യത്തോടെ: അതിരൂപത പാസ്റ്ററൽ കൗണ്‍സിൽ
1591455
Sunday, September 14, 2025 1:15 AM IST
തൃശൂർ: രാജ്യത്ത് പന്ത്രണ്ടോളം സംസ്ഥാനങ്ങളിലും, അടുത്ത നാളുകളിൽ രാജസ്ഥാൻ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലും നടപ്പിലാക്കിയ മതപരിവർത്തന നിരോധന നിയമം അത്യന്തം അപലപനീയവും പ്രതിഷേധാർഹവുമാണെന്ന് തൃശൂർ അതിരൂപത പാസ്റ്ററൽ കൗണ്‍സിൽ അഭിപ്രായപ്പെട്ടു.
നിർബന്ധിത മതപരിവർത്തനം സഭ അംഗീകരിക്കുന്നില്ല. ജീവപര്യന്തം തടവും ഒരു കോടി രൂപ പിഴയും വ്യവസ്ഥ ചെയ്യുന്ന രാജസ്ഥാൻ നിയമവും, സമാനമായ ശിക്ഷാവിധികൾ വ്യവസ്ഥ ചെയ്യുന്ന ഉത്തരാഖണ്ഡ് നിയമവും പാക്കിസ്ഥാൻ പോലുള്ള മതാധിഷ്ഠിത രാജ്യങ്ങളിലെ മതനിന്ദ നിയമത്തെ ഓർമിപ്പിക്കുന്നതും ഇന്ത്യയുടെ ഭരണഘടനയുടെ മതേതരമൂല്യങ്ങൾക്ക് നിരക്കാത്തതുമാണ്. രാജ്യത്തെ ഫാസിസ്റ്റ് വഴികളിലൂടെ നയിക്കുന്ന മതപരിവർത്തന നിരോധന നിയമങ്ങൾ മതന്യൂനപക്ഷങ്ങൾക്ക് കടുത്ത വെല്ലുവിളി ഉയർത്തുന്നതും അരക്ഷിതബോധം സൃഷ്ടിക്കുന്നതും ആണെന്ന് അതിരൂപത പാസ്റ്ററൽ കൗണ്‍സിൽ അഭിപ്രായപ്പെട്ടു. ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് അധ്യക്ഷത വഹിച്ചു.
ആനുകാലിക സാമൂഹ്യ രാഷ്ട്രീയ സമ്മർദങ്ങളും, സുവിശേഷവത്ക്കരണവും എന്ന വിഷയം പാസ്റ്ററൽ കൗണ്‍സിൽ സെക്രട്ടറി ജോഷി വടക്കൻ അവതരിപ്പിച്ചു. തുടർന്നു നടന്ന ചർച്ചകളിൽ അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ മോഡറേറ്ററായി. 21ന് സംഘടിപ്പിക്കുന്ന സമുദായ ജാഗ്രതാ സദസ് വിജയിപ്പിക്കാൻ യോഗം പ്രതിജ്ഞയെടുത്തു.
അതിരൂപത വികാരി ജനറാൾമാരായ മോണ്‍. ജെയ്സണ്‍ കൂനംപ്ലാക്കൽ, മോണ്‍. ജോസ് കോനിക്കര, അതിരൂപത ചാൻസലർ ഡോ. ഡൊമിനിക്ക് തലക്കോടൻ, പാസ്റ്ററൽ കൗണ്‍സിൽ ജോയിന്റ് സെക്രട്ടറി എൽസി വിൻസന്റ്, എൻ.പി. ജാക്സൻ എന്നിവർ പ്രസംഗിച്ചു. അധ്യാപകരുടെ നിയമനാംഗീകാര പ്രശ്നത്തിൽ സർക്കാർ നിലപാട് നീതിരഹിത വിവേചനമാണെന്ന് യോഗം വിലയിരുത്തി.