മക്കളെ മനുഷ്യരാക്കാൻ മാതാപിതാക്കൾ തയാറാകണം: മന്ത്രി കെ. രാജൻ
1569465
Sunday, June 22, 2025 7:07 AM IST
മാള: മാത്സര്യത്തിന്റെ ലോകത്ത് തങ്ങളുടെ മക്കളെ മനുഷ്യരാക്കാൻ മാതാപിതാക്കൾ തയാറാകണമെന്ന് റവന്യൂ മന്ത്രി കെ. രാജൻ പറഞ്ഞു. മാളയിൽ കൊടുങ്ങല്ലൂർ നിയോജക മണ്ഡലം എംഎൽഎ വി.ആർ. സുനിൽകുമാറിന്റെ വിദ്യാഭ്യാസ അവാർഡ് "മികവ് - 2025' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി .
എഐ സാങ്കേതിക വിദ്യയുടെ ഇക്കാലത്ത് മനുഷ്യനാണ് ഓരോ വ്യക്തിയും എന്ന തിരിച്ചറിവുള്ളവരാക്കി മാനവികതയും സർഗാത്മകതയും പ്രതിഫലിപ്പിക്കാൻ ഓരോരുത്തർക്കും ആകട്ടെ എന്നും മന്ത്രി കൂട്ടിച്ചേർത്തു. മാള കാർമൽ കോളജ് ഓഡിറ്റോറിയത്തിൽ നടന്ന അവാർഡ് ദാന ചടങ്ങിൽ എസ്എസ്എൽസി, പ്ലസ്ടു, ടിഎച്ച്എസ്എൽസി, വിഎച്ച്എസ്സി, സിബിഎസ് സി, ഐസിഎസ്സി പരീക്ഷകളിൽ ഉന്നത വിജയം നേടിയ ആയിരത്തോളം വിദ്യാർഥികളെയും 100 ശതമാനം വിജയം നേടിയ വിദ്യാലയങ്ങളെയും അവാർഡുകൾ നൽകി ആദരിച്ചു.
ബെന്നി ബഹനാൻ എംപി, രാജ്യസഭ എംപി പി. പി. സുനീർ എന്നിവർ മുഖ്യാതിഥികളായിരുന്നു. വി.ആർ. സുനിൽകുമാർ എംഎൽഎ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ബിന്ദു ബാബു, റോമി ബേബി, പി.വി. വിനോദ്, ജനപ്രതിനിധികൾ, വിദ്യാഭ്യാസ വകുപ്പിലെ വിവിധ ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. സംഘാടകസമിതി ജനറൽ കൺവീനർ കെ. വി. വസന്തകുമാർ സ്വാഗതവും ട്രഷറർ കെ.കെ. സുരേഷ് നന്ദിയും പറഞ്ഞു.