വന്യജീവി ആവാസവ്യവസ്ഥ പരിപോഷിപ്പിക്കാൻ പുത്തൂർ ഗ്രാമപഞ്ചായത്ത്
1569449
Sunday, June 22, 2025 6:56 AM IST
പുത്തൂർ: ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന തദ്ദേശീയ വൃക്ഷത്തൈകൾ വനത്തിൽ വച്ചുപിടിപ്പിക്കൽ പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണൻ നിർവഹിച്ചു.
വന്യജീവി ആവാസവ്യവസ്ഥ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. തൊഴിലുറപ്പ് തൊഴിലാളികൾക്ക് ആവശ്യമായ, ടാർപ്പായ, ബൂട്ട്സ് അടക്കമുള്ള സുരക്ഷാ ഉപകരണങ്ങൾ, മെഡിക്കൽ കിറ്റ് എന്നിവ ചടങ്ങിൽ വിതരണംചെയ്തു.
വനപ്രദേശത്തിനടുത്ത് താമസിക്കുന്ന 20 തൊഴിലുറപ്പ് പ്രവർത്തകരാണ് വനത്തിനുള്ളിൽ ചെടികൾ വച്ചുപിടിപ്പിക്കുന്ന പ്രവൃത്തിയിൽ ഏർപ്പെട്ടിരിക്കുന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥർ സുരക്ഷ ഒരുക്കുമെന്ന് ഉറപ്പുനൽകിയതിന്റെ പശ്ചാത്തലത്തിൽകൂടിയാണ് പദ്ധതി ആരംഭിച്ചത്. കോശിമുക്ക് വനാതിർത്തിയിൽനടന്ന ചടങ്ങിൽ പട്ടിക്കാട് ഫോറസ്റ്റ് റേഞ്ച് ഓഫീസർ എ. സി. പ്രജി അധ്യക്ഷതവഹിച്ചു. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് ജോ.ബിഡിഒ ലത, ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയർമാൻ പി.എസ്. സജിത്ത്, ഗ്രാമപഞ്ചായത്തംഗം ടി.എ. ആരോഷ് തുടങ്ങിയവർ സന്നിഹിതരായി.