മറ്റുള്ളവരുടെ കണ്ണീരൊപ്പാൻ കഴിവുള്ളവരായിരിക്കണം കോൺഗ്രസ് പ്രവർത്തകർ: വി.ഡി. സതീശൻ
1600628
Saturday, October 18, 2025 1:44 AM IST
വടക്കാഞ്ചേരി: മറ്റുള്ളവരുടെ കണ്ണീരൊപ്പാൻ കഴിവുള്ളവരായിരിക്കണം കോൺഗ്രസ് പ്രവർത്തകരെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു.
തൊഴുത്തിലുറങ്ങിയും സ്ട്രീറ്റ് ലെെറ്റിന്റെ വെളിച്ചത്തിൽ പഠിച്ചും മച്ചാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽനിന്നു കഴിഞ്ഞ എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ തെക്കുംകര പഞ്ചായത്ത് കാര്യാട് ദുബായ്റോഡിൽ താമസിക്കുന്ന കുണ്ടുകാട്ടുപറമ്പിൽ രാജീവ് - സജിത ദമ്പതികളുടെ മകനായ അഭിനവിന് തെക്കുംകര മണ്ഡലം കോൺഗ്രസ് കമ്മിറ്റി 12 ലക്ഷം രൂപ ചെലവിൽ നിർമിച്ചുനൽകിയ രാഹുൽജി ഭവനത്തിന്റെ താക്കോൽദാനം പുന്നംപറമ്പിൽ നിർവഹിക്കുകയായിരുന്നു സതീശൻ.
അഭിനവിന്റെ ഉന്നതവിദ്യാഭ്യാസത്തിന് ആവശ്യമായ മുഴുവൻ ചെലവും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നൽകുമെന്നും അദ്ദേഹംപറഞ്ഞു. ചടങ്ങിൽ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ജെയ്സൺ മാത്യു അധ്യക്ഷതവഹിച്ചു. കെപിസിസി ജനറൽ സെക്രട്ടറി ജോസ് വള്ളൂർ, കെപിസിസി സെക്രട്ടറിമാരായ രാജേന്ദ്രൻ അരങ്ങത്ത്, സുനിൽ അന്തിക്കാട്ട്, ജില്ലാ യുഡിഎഫ് മുൻ ചെയർമാൻ ജോസഫ് ചാലിശേരി, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.ജി. ജയദീപ്, നഗരസഭ പ്രതിപക്ഷനേതാവ് എസ്എഎ അസാദ്, യൂത്ത്കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ഒ. ശ്രീകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.