ഈസ്റ്റ് ഉപജില്ലയ്ക്കു കടിഞ്ഞാണിട്ട്...
1600630
Saturday, October 18, 2025 1:44 AM IST
തൃശൂർ: റവന്യൂ ജില്ലാ കായികമേള സമാപനത്തിലേക്കു നീങ്ങുമ്പോൾ കഴിഞ്ഞവർഷത്തെ ജേതാക്കളായ ഈസ്റ്റ് ഉപജില്ലയുടെ കുതിപ്പിനു കടിഞ്ഞാണിട്ട് ചാലക്കുടി. ആദ്യദിനത്തിൽ ഈസ്റ്റ് ആയിരുന്നു മുന്നിൽ.
ഇന്നലെ മത്സരങ്ങൾ പൂർത്തിയായപ്പോൾ 124.5 പോയിന്റോടെയാണ് ചാലക്കുടി ഉപജില്ല മുന്നിലുള്ളത്. 120 പോയിന്റുമായി ഈസ്റ്റ് ഉപജില്ല തൊട്ടുപിറകേയുണ്ട്. 78 പോയിന്റുമായി ചാവക്കാട് ഉപജില്ലയാണ് മൂന്നാമത്. മാള -78, കുന്നംകുളം- 50.5, വലപ്പാട്- 41, കൊടുങ്ങല്ലൂർ- 32,തൃശൂർ വെസ്റ്റ്- 24, വടക്കാഞ്ചേരി- 21, മുല്ലശേരി- 19, ചേർപ്പ്- 10, ഇരിങ്ങാലക്കുട- 5 എന്നിങ്ങനെയാണ് മറ്റ് ഉപജില്ലകളുടെ പോയിന്റ്.
പടയോട്ടം തുടർന്ന് ഗുരുവായൂർ ശ്രീകൃഷ്ണ സ്കൂൾ മേളയുടെ രണ്ടാംദിനത്തിലും മുന്നിട്ടുനിൽക്കുന്നു. അഞ്ചു സ്വർണവും ആറു വീതം വെള്ളിയും വെങ്കലും നേടി 49 പോയിന്റാണ് ശ്രീകൃഷ്ണയ്ക്ക്. മേലൂർ സെന്റ് ജോസഫ്സ് ഹൈസ്കൂൾ 36.5 പോയിന്റുമായി രണ്ടാംസ്ഥാനത്തുണ്ട്. അഞ്ചു സ്വർണവും ആറു വെള്ളിയും നാലു വെങ്കലവും ഇവർ നേടി. അഞ്ചു സ്വർണവും മൂന്നു വെള്ളിയും ഒരു വെങ്കലവുമായി 35 പോയിന്റ് നേടി ആളൂർ ആർഎം ഹയർ സെക്കൻഡറി സ്കൂളാണ് മൂന്നാമത്.
കഴിഞ്ഞവർഷം ഏറ്റവും കൂടുതൽ പോയിന്റ് നേടിയ തൃശൂർ കാൽഡിയൻ സിറിയൻ സ്കൂളിനു നാലു സ്വർണവും മൂന്നു വെള്ളിയും രണ്ടു വെങ്കലവുമായി 31 പോയിന്റോടെ നാലാംസ്ഥാനത്താണ്.