എളവള്ളിയിൽ ഹെലിപ്പാഡ് നാടിനു സമർപ്പിച്ചു
1600625
Saturday, October 18, 2025 1:44 AM IST
എളവള്ളി: ഗ്രാമപഞ്ചായത്തിന്റെ സ്വപ്ന പദ്ധതികളിലൊന്നായ ഹെലിപ്പാഡ് നാടിനു സമർപ്പിച്ചു.
ഹെലിപ്പാഡ് മുരളി പെരുനെല്ലി എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജിയോ ഫോക്സ് അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതി വേണുഗോപാൽ, ജനപ്രതിനിധികളായ ബിന്ദു പ്രദീപ്, ടി.സി. മോഹനൻ, എൻ.ബി. ജയ, സനൽ കുന്നത്തുള്ളി, ജീന അശോകൻ, സീമ ഷാജു, ലിസി വർഗീസ്, എം.പി. ശരത്ത് കുമാർ, ഷാലി ചന്ദ്രശേഖരൻ സിബി എന്നിവർ പ്രസംഗിച്ചു.
വാക പോത്തൻ മാസ്റ്ററുടെ കുന്നിൽ ഇരിങ്ങാലക്കുട സ്വദേശി കാക്കര ജനാർദനനും ഭാര്യ തങ്കവും സഹോദരപുത്രൻ രാകേഷ് വഴി പഞ്ചായത്തിന് സൗജന്യമായി നൽകിയ 50 സെന്റ് ഭൂമിയിലാണ് ഹെലിപ്പാഡ്. അപ്രോച്ച് റോഡിനായി 34 സെന്റ് ഭൂമിയും കുട്ടികളുടെ പാർക്ക് നിർമാണത്തിനായി 70 സെന്റ് ഭൂമിയും ഇവർ സൗജന്യമായി നൽകി. 11 മീറ്റർ വീതിയിലും നീളത്തിലുമാണ് ഗ്രൗണ്ട് ടൈൽ പാകി ഹെലികോപ്റ്ററിന് പറന്നിറങ്ങാനായി സ്ഥലം ഒരുക്കിയത്.
സിഗ്നൽ ലൈറ്റുകൾ, കാറ്റിന്റെ ഗതിയനുസരിച്ച് പ്രവർത്തിക്കുന്ന ഇൻഡികേറ്ററുകൾ, ശുചിമുറി സമുച്ചയങ്ങൾ എന്നിവ ഉടൻ ഉയരും. ഹെലിപ്പാഡിനും അനുബന്ധ പ്രവർത്തനങ്ങൾക്കുമായി 11.5 ലക്ഷം രൂപയും, അപ്രോച്ച് റോഡിനായി 25 ലക്ഷം രൂപയുമാണ് ചെലവഴിക്കുന്നത്.
ഗുരുവായൂർ ക്ഷേത്രം, പാവറട്ടി, പാലയൂർ തീർഥകേന്ദ്രങ്ങൾ, ചാവക്കാട് ബീച്ച്, കോൾപ്പാടങ്ങൾ, കണ്ടൽക്കാടുകൾ എന്നിവ കോർത്തിണക്കി തീർഥാടന, വിനോദ സഞ്ചാരങ്ങൾക്ക് ഈ ഹെലിപ്പാഡ് സഹായകരമാകും. ഒഴിവു ദിവസങ്ങളിൽ ടിക്കറ്റ് എടുത്ത് സഞ്ചാരികൾക്ക് ആകാശക്കാഴ്ചകൾ കാണുന്നതിനുള്ള സൗകര്യം ഒരുക്കുന്നതിനും പഞ്ചായത്തിന് പദ്ധതിയുണ്ട്. സമീപത്ത് കുട്ടികളുടെ പാർക്കും വിഭാവനംചെയ്തിട്ടുണ്ട്.