അഭിനവിന് അഭിമാനമായി "രാഹുൽജി ഭവനം'
1600483
Friday, October 17, 2025 7:18 AM IST
പുന്നംപറമ്പ്: തൊഴുത്തിലുറങ്ങിയും പാതയോരത്തെ വൈദ്യുതിവെളിച്ചത്തിൽ പഠിക്കുകയും ചെയ്ത് കഴിഞ്ഞ എസ്എസ്എൽസി പരീക്ഷയിൽ മച്ചാട് ഗവ. സ്കൂളിൽ നിന്ന് ഫുൾ എ പ്ലസ് നേടിയ അഭിനവിന് തെക്കുംകര മണ്ഡലം കോൺഗ്രസ് കമ്മിറ്റി നിർമിച്ചുനൽകുന്ന "രാഹുൽജി ഭവന'ത്തിന്റെ ഗൃഹപ്രവേശനം ഇന്നു നടക്കുമെന്നു നിർമാണ കമ്മിറ്റി ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ താക്കോൽ കൈമാറും. തെക്കുംകര പഞ്ചായത്ത് കാര്യാട് ദുബായ് റോഡിൽ താമസിക്കുന്ന കുണ്ടുകാട്ടുപറമ്പിൽ രാജീവ്-സജിത ദമ്പതികളുടെ മകനാണ് അഭിനവ്.
വൈകീട്ട് നാലിന് പുന്നംപറമ്പ് സെന്ററിൽ നടക്കുന്ന സമർപ്പണ പൊതുസമ്മേളനത്തിൽ ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് മുഖ്യാതിഥിയാകും. മണ്ഡലം പ്രസിഡന്റ് ജെയ്സൺ മാത്യു അധ്യക്ഷനാകും.
2018ലെ പ്രളയമാണ് മുത്തച്ഛനും മുത്തശിയും അടങ്ങുന്ന ആറംഗകുടുംബത്തിന്റെ കൊച്ചുവീട് കവർന്നത്. ഇപ്പോൾ വടക്കാഞ്ചേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ് അഭിനവ്. പ്ലസ്ടുവിന്ശേഷം എസിസിഎ കോഴ്സ് പഠിക്കാനാണ് താൽപര്യം.
12 ലക്ഷം രൂപയോളം ചെലവഴിച്ച് 900 സ്ക്വയർഫീറ്റിലാണ് വീട്. ചടങ്ങിൽ മുൻ ഡിസിസി പ്രസിഡന്റുമാരായ എം.പി വിൻസെന്റ്, ജോസ് വള്ളൂർ, മുൻ എംഎൽഎ അനിൽ അക്കര, മുൻ യുഡിഎഫ് ജില്ലാ ചെയർമാൻ ജോസഫ് ചാലിശേരി, കെപിസിസി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത്, നഗരസഭ പ്രതിപക്ഷനേതാവ് എസ്.എ.എ. അസാദ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.ജി. ജയദീപ്, എൽദോ തോമസ് തുടങ്ങിയവർ പങ്കെടുക്കും.
പത്രസമ്മേളനത്തിൽ തെക്കുംകര മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് ജെയ്സൺ മാത്യു, ഭവന നിർമാണ കമ്മിറ്റി ജനറൽ കൺവീനർ പി.വി. വിനയൻ, ട്രഷറർ ഒ. ശ്രീകൃഷ്ണൻ, വിജി സുരേഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.