പരിയാരം വെജിറ്റബിൾ ബനാന ഹൗസ് ഡിസംബറിൽ പ്രവർത്തനക്ഷമമാകും
1600639
Saturday, October 18, 2025 1:44 AM IST
ചാലക്കുടി: പരിയാരം പൂവത്തിങ്കലിൽ നിർമിച്ചിട്ടുള്ള വെജിറ്റബിൾ ആൻഡ് ബനാന ഹൗസ് ഡിസംബർ മാസത്തോടെ പ്രവർത്തനക്ഷമമാകുമെന്ന് കൃഷി മന്ത്രി പി. പ്രസാദ് അറിയിച്ചു. സനീഷ്കുമാർ ജോസഫ് എംഎൽഎയുടെ നിയമസഭാ ചോദ്യത്തിനു മറുപടി നൽകുകയായിരുന്നു അദ്ദേഹം.
കെട്ടിടനിർമാണ പ്രവർത്തനങ്ങൾ ക്രമവത്്കരിച്ച് കെട്ടിടനമ്പർ ലഭ്യമാക്കുന്നതിനുള്ള നടപടികൾ അന്തിമഘട്ടത്തിലാണെന്നും താത്കാലിക കെട്ടിടനമ്പർ, എഫ്എസ്എസ് എഐ ലൈസൻസ് തുടങ്ങി സ്ഥാപനം പ്രവർത്തിക്കുന്നതിനായി ആവശ്യംവേണ്ട അനുമതികൾ ലഭ്യമായിട്ടുള്ളതായും മന്ത്രി കൂട്ടിച്ചേർത്തു.
കയറ്റുമതിക്ക് അനുയോജ്യമായ രീതിയിൽ പ്രാഥമിക സംസ്കരണവും പായ്ക്കിംഗും ചെയ്ത് കയറ്റുമതിക്കാർക്കും പ്രീമിയം ഉത്പന്നങ്ങളായി ആഭ്യന്തര വിപണിയിൽ ലഭ്യമാക്കുന്നതിനും ആവശ്യമായ പരിശീലനപരിപാടികളും ക്രമീകരിച്ചുവരികയാണ്.
പഴം - പച്ചക്കറികളുടെ പ്രാഥമിക സംസ്കരണം, ഗ്രേഡിംഗ്, സോർട്ടിംഗ്, പായ്ക്കിംഗ്, പ്രീ കൂളിംഗ് തുടങ്ങിയ പ്രവർത്തങ്ങൾ നടത്തി കയറ്റുമതിക്ക് അനുയോജ്യമായ ഉത്പന്നങ്ങൾ ലഭ്യമാക്കി കർഷകരുടെ ഉത്പന്നങ്ങൾക്ക് വിപണി കണ്ടെത്തി ഉയർന്നവരുമാനം ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെയാണ് 2.3 കോടി രൂപ ചെലവിൽ ഈ പായ്ക്ക് ഹൗസ് നിർമിച്ചിട്ടുള്ളത്.
പ്രീകൂളിംഗ് ചേംബർ, കോൾഡ് സ്റ്റോറേജ്, ജനറേറ്റർ, കൺവെയർ ബെൽറ്റുകൾ, ത്രാസ് തുടങ്ങിയ ഉപകരണങ്ങൾ ഇവിടെ സജ്ജീകരിച്ചുകഴിഞ്ഞിട്ടുണ്ട്.