ഡി സോണ്‍ കലോത്സവം 16, 17 തീയതികളിൽ; സിസിടിവി, പ്രത്യേകം പാസ്; പകൽമാത്രം മത്സരങ്ങൾ
1513927
Friday, February 14, 2025 1:39 AM IST
മാള: വിദ്യാർഥിസംഘർഷത്തെതുടർന്നു മുടങ്ങിയ കാലിക്കട്ട് സർവകലാശാല ഡി സോണ്‍ കലോത്സവം കർശന പോലീസ് നിയന്ത്രണത്തിൽ 16, 17 തീയതികളിൽ നടക്കും. മാള ഹോളിഗ്രേസ് കോളജിലെ നാലു സ്റ്റേജുകളിലേക്കും കലോത്സവനഗരിയിലേക്കുമുള്ള പ്രവേശനവും പുറത്തുപോകലും പോലീസിന്റെ നിയന്ത്രണത്തിലാകും. മേക്കപ്പ് ആർട്ടിസ്റ്റുകൾ, കലോത്സവത്തിൽ പങ്കെടുക്കുന്നവർ, രക്ഷിതാക്കൾ, അധ്യാപകർ എന്നിവർ തിരിച്ചറിയൽ കാർഡ് ധരിക്കണമെന്നും സംയുക്ത ആഭ്യന്തര കമ്മിറ്റി രൂപീകരിക്കാനും റൂറൽ പോലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു.
എല്ലാ സ്റ്റേജുകളിലും പ്രവേശനവഴികളിലും പ്രധാന മേഖലകളിലും സിസി ടിവികൾ സ്ഥാപിക്കും. രാവിലെ ഒന്‍പതിന് ആരംഭിച്ച് വൈകീട്ട് അഞ്ചിനു സമാപിക്കുന്ന തരത്തിലാകും പരിപാടികളുടെ ക്രമീകരണം. ഫയർഫോഴ്സ് ഓഫീസർ, ഡോക്ടർ ഉൾപ്പെടെയുള്ള മെഡിക്കൽ സംഘം, അപ്പീൽ കമ്മിറ്റി അംഗങ്ങൾ, ഡീൻ അല്ലെങ്കിൽ അദ്ദേഹത്തിന്റെ പ്രതിനിധി കലോത്സവനഗരിയിലുണ്ടാകണം. കോളജ് കോന്പൗണ്ട്, പരിസരം എന്നിവിടങ്ങളിൽ അനധികൃതകച്ചവടങ്ങൾ അനുവദിക്കില്ല. പരിപാടിയുടെ ഭാഗമല്ലാത്ത ആർക്കും പ്രവേശനമുണ്ടാകില്ല. പ്രോഗ്രാം കമ്മിറ്റി, സബ് കമ്മിറ്റി എന്നിവ ശരിയായ രീതിയിൽ പ്രവർത്തിക്കുന്നെന്ന് ഓർഗനൈസിംഗ് കമ്മിറ്റികൾ ഉറപ്പാക്കണമെന്നും നിർദേശം നൽകി.
കർശനനിയന്ത്രണത്തിൽ കലോത്സവം പുനരാരംഭിക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനു പിന്നാലെയാണു പോലീസ് മേധാവിയുടെ നേതൃത്വത്തിൽ യോഗം വിളിച്ചത്. കാലിക്കട്ട് യൂണിവേഴ്സിറ്റി പ്രതിനിധികൾ, എസ്എസ്ഐ പ്രതിനിധികൾ, യൂണിവേഴ്സിറ്റി ഡീൻ കെ. സുരേഷ് കുമാർ, ഹോളി ഗ്രേസ് അക്കാദമി പ്രിൻസിപ്പൽ ഡോ. ജിയോ ബാബു, ഹോളി ഗ്രേസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ജനറൽ സെക്രട്ടറി ബെന്നി ജോണ്‍ ഐനിക്കൽ, ഇരിങ്ങാലക്കുട ആർഡിഒ എം.സി. റെജിൻ, യൂണിവേഴ്സിറ്റി ചെയർപേഴ്സണ്‍ നിത ഫാത്തിമ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.