കുത്തിയിരിപ്പുസമരം നടത്തി
1507897
Friday, January 24, 2025 2:01 AM IST
കാടുകുറ്റി: ജല്‍ജീവന്‍ മിഷന് പദ്ധതിയുടെ ഭാഗമായി നടന്ന നിർമാണജോലികളെ തുടർന്ന് ഗ്രാമപഞ്ചായത്തിലുടനീളം പൊളിച്ചിട്ട റോഡുകള്‍ പൂര്‍വസ്ഥിതിയിലാക്കാത്തതിൽ പ്രതിഷേധിച്ച് കുത്തിയിരിപ്പുസമരം നടത്തി ജനപ്രതിനിധികളും രാഷ്ട്രീയപാർട്ടി നേതാക്കളും നാട്ടുകാരും. വാട്ടർ അഥോറിറ്റി അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എൻജിനീയർ കെ.കെ. വാസുദേവന്റെ കാര്യാലയത്തിലാണ് സമരം നടത്തിയത്.
പൊതുജനങ്ങളെ സാരമായി ബാധിക്കുന്ന വിഷയത്തിൽ വാട്ടർ അഥോറിറ്റി അധികൃതർ പുലർത്തുന്ന നിസംഗതക്കുമെതിരെ കക്ഷിരാഷ്ട്രീയം മാറ്റിവച്ചാണ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിൻസി ഫ്രാൻസിസിന്റെയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ടരുമഠത്തിലിന്റെയും നേതൃത്വത്തിൽ സമരമുഖം തുറന്നത്. ജൽജീവൻ പദ്ധതിയുടെ ഭാഗമായി പൈപ്പുകൾ സ്ഥാപിക്കുന്നതിന് റോഡുകൾ കുത്തിപ്പൊളിച്ചിട്ട് മൂന്നുവർഷത്തോളമായി. ഇക്കഴിഞ്ഞ ഡിസംബര്‍ 31നകം റോഡുകൾ പൂര്‍വസ്ഥിതിയിലാക്കി കൊടുക്കുമെന്നായിരുന്നു അധികൃതർ പഞ്ചായത്തിന് അവസാനംനൽകിയ ഉറപ്പ്. എന്നാൽ ഫണ്ടില്ലെന്ന കാരണംപറഞ്ഞ് റോഡ് പൂര്വസ്ഥിതിയിലാക്കുന്നതിൽനിന്നു വാട്ടർ അഥോറിറ്റി ഒഴിഞ്ഞുമാറുന്നുവെന്നാണ് ആക്ഷേപം.
റോഡിൽ കുണ്ടും കുഴിയുംനിറഞ്ഞ് ഇരുചക്രവാഹനങ്ങളും രാത്രികാലങ്ങളിൽ കാൽനടയാത്രികരും അപകടത്തിൽപ്പെടുന്നത് നിത്യസംഭവമായി. പ്രദേശവാസികളുടെ പരാതികളേറുകയും പഞ്ചായത്തിന്റെ റോഡ് പുനരുദ്ധാരണപ്രവൃത്തികൾ നടത്താനാകാതെയും വന്നതോടെയാണ് പ്രതിഷേധം ശക്തമാക്കിയത്. ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണം നടത്താനാകാതെ ഫണ്ട് ലാപ്സായി പോകുന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നതെന്ന് ജനപ്രതിനിധികൾ പറഞ്ഞു.
സംഭവമറിഞ്ഞ് ചാലക്കുടി പോലീസ് സ്ഥലത്തെത്തി. ഓഫീസിലെ പ്രവർത്തനങ്ങൾ നിശ്ചലമാകാതിരിക്കാൻ സഹകരിക്കണമെന്നും ചർച്ചകൾക്കായി കുറച്ചുപേർ ഇരുന്ന് ബാക്കിയുള്ളവർ പുറത്തുപോകണമെന്ന് അഭ്യർഥിച്ചെങ്കിലും സമരക്കാർ വഴങ്ങിയില്ല. വിവരമറിഞ്ഞ് എക്സിക്യൂട്ടീവ് എൻജനീയർ വിന്നി പോൾ സ്ഥലത്തെത്തി.
ഇന്ന് ഉദ്യാേഗസ്ഥരും കരാറുകാരും ജനപ്രതിനിധികളുമായി ചര്‍ച്ചനടത്തി പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കാമെന്ന ഉറപ്പില്‍ സമരം അവസാനിപ്പിക്കുകയായിരുന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സി. അയ്യപ്പന്, ജില്ലാ പഞ്ചായത്ത് അംഗം ലീല സുബ്രഹ്മണ്യൻ,തുടങ്ങിയവരും സമരത്തില്‍ പങ്കെടുത്തു.