മാള ഹോളിഗ്രേസിൽ ഡി സോൺ കലോത്സവം ഇന്നുമുതൽ
1507894
Friday, January 24, 2025 2:01 AM IST
മാള: അഞ്ചുനാൾ നീളുന്ന കാലിക്കട്ട് യൂണിവേഴ്സിറ്റി ഡി സോൺ കലോത്സവത്തിനു ഹോളി ഗ്രേസിൽ ഇന്നു തുടക്കം.
ഇന്നുമുതൽ 28 വരെയുള്ള തീയതികളിൽ നൂറിൽപ്പരം ഇനങ്ങളിലായി രണ്ടായിരത്തിഅഞ്ഞൂറോളം വിദ്യാർഥികൾ കലോത്സവത്തിൽ മാറ്റുരയ്ക്കും. കാലിക്കട്ട് യൂണിവേഴ്സിറ്റിയുടെ തൃശൂർ ജില്ലയിലുള്ള തൊണ്ണൂറോളം കോളജുകൾ ചേർന്നതാണ് ഡി സോൺ.
അന്തരിച്ച സാഹിത്യകാരൻ എം. ടി. വാസുദേവൻനായരോടുള്ള ആദരസൂചകമായി ഓരോ അരങ്ങിനും അദ്ദേഹത്തിന്റെ പ്രശസ്തകൃതികളായ കാലം, മഞ്ഞ്, നാലുകെട്ട്, രണ്ടാമൂഴം, വാനപ്രസ്ഥം എന്നിങ്ങനെയാണ് പേരിട്ടിരിക്കുന്നത്.
ഉദ്ഘാടനച്ചടങ്ങ് 26 നു നടക്കും.
മാളയിലെ ഇതരവിദ്യാഭ്യാസസ്ഥാപനങ്ങളായ മെറ്റ്സ് കോളജ്, കാർമൽ കോളജ്, സെന്റ് തെരേസാസ് കോളജ് എന്നിവിടങ്ങളിലേക്ക് ഹോളി ഗ്രേസ് ആർട്സ് കോളജിലേയും എംബിഎ കോളജിലെയും വിദ്യാർഥികൾ ദീപശിഖയോടെ കലോത്സവ വിളംബരയാത്ര നടത്തി.
ആതിഥ്യമരുളുന്ന ഹോളിഗ്രേസ് വിദ്യാർഥികൾ മാള ബസ് സ്റ്റാൻഡ് പരിസരത്തു ഫ്ലാഷ് മോബും നടത്തി.
വിവിധ കോളജുകളിൽനിന്നെത്തുന്ന അധ്യാപകരെയും കലാകാരൻമാരെയും സ്വീകരിക്കാൻ കോളജ് അധികാരികളും യൂണിവേഴ്സിറ്റി യൂണിയൻ പ്രതിനിധികളും വിപുലമായ സജ്ജീകരണങ്ങൾ ചെയ്തുകഴിഞ്ഞതായി ഹോളി ഗ്രേസ് ആർട്സ് കോളജ് സെക്രട്ടറി ആന്റണി മാളിയേക്കൽ, പ്രിൻസിപ്പൽ ഡോ. സുരേഷ് ബാബു, പ്രോഗ്രാം കമ്മിറ്റി കൺവീനർ അൽറെസിൻ, ഡയറക്ടർ ഡോ. ജിയോ ബേബി എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.