വ്യാകുലമാതാവിൻ ബസിലിക്ക (പുത്തൻപള്ളി): ശതാബ്ദിവർഷ വിളംബര വാഹനജാഥ ഇന്ന്
1460269
Thursday, October 10, 2024 8:28 AM IST
തൃശൂർ: പരിശുദ്ധ വ്യാകുലമാതാവിൻ ബസിലിക്കയുടെ (പുത്തൻപള്ളി) ശതാബ്ദിവർഷ വിളംബര വാഹനജാഥ ഇന്നു വൈകീട്ടു 4.30ന് ലൂർദ് കത്തീഡ്രലിൽനിന്ന് പുത്തൻപള്ളിയിലേക്കു നടത്തും.
ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള പള്ളിമണിഗോപുരത്തോടുകൂടിയ ബസിലിക്ക അടുത്തവർഷം ഒക്ടോബർ പത്തിനാണു ദേവാലയപ്രതിഷ്ഠയുടെ നൂറാംവാർഷികം ആഘോഷിക്കുന്നത്. ദേവാലയത്തിന്റെ 99-ാം പ്രതിഷ്ഠാതിരുനാളായ നവംബർ 24 മുതൽ നൂറാം പ്രതിഷ്ഠാതിരുനാളായ 2025 നവംബർ 30 വരെയുള്ള ഒരുവർഷം ശതാബ്ദിവർഷമായും ആചരിക്കുമെന്ന് ബസിലിക്ക റെക്ടർ ഫാ. ഫ്രാൻസിസ് പള്ളിക്കുന്നത്ത് പത്രസമ്മേളനത്തിൽ അറിയിച്ചു.
1925 ഒക്ടോബർ 10ന് അന്നത്തെ തൃശൂർ രൂപത മെത്രാനായിരുന്ന മാർ ഫ്രാൻസീസ് വാഴപ്പിള്ളി പരിശുദ്ധ വ്യാകുലമാതാവിനു പ്രതിഷ്ഠിച്ചതാണ് പുത്തൻപള്ളി. ശതാബ്ദിവർഷത്തിനു തുടക്കം കുറിച്ച് 100 ഇരുചക്രവാഹനങ്ങളുടെ അകന്പടിയിൽ നടത്തുന്ന വിളംബരജാഥ ലൂർദ് കത്തീഡ്രലിൽനിന്ന് വൈകീട്ട് 4.30നു സ്വരാജ് റൗണ്ട് ചുറ്റി എംഒ റോഡിലൂടെ ബസിലിക്കയിൽ പ്രവേശിക്കും.
ലൂർദ് കത്തീഡ്രൽ പള്ളി വികാരി ഫാ. ഡേവിസ് പുലിക്കോട്ടിൽ റാലിയുടെ ഉദ്ഘാടനം നിർവഹിക്കും. പരന്പരാഗതരീതിയിലുള്ള നകാരവാദ്യവും പഴയകാലവാഹനങ്ങളും റാലിയിൽ അണിനിരക്കും.
ശതാബ്ദിവർഷം പ്രഖ്യാപനവും പതാക ഉയർത്തലും നാളെ രാവിലെ പത്തിന് ബസിലിക്ക അങ്കണത്തിൽ ഇരിങ്ങാലക്കുട രൂപത മെത്രാൻ മാർ പോളി കണ്ണൂക്കാടൻ നിർവഹിക്കും. ശതാബ്ദിവർഷം വിളംബരംചെയ്തു ബസിലിക്കയുടെ മുന്‍പിലുള്ള രണ്ടു ഗോപുരങ്ങളിലും 50 അടി നീളമുള്ള പതാകകൾ ഉയർത്തും.
ഇടവകയിലെ നൂറു കുട്ടികൾ 100 ബലൂണുകൾ പറത്തും. പാരന്പര്യം വിളിച്ചോതുന്ന നൂറു കതിനകളും ശതാബ്ദിവർഷത്തെ വിളംബര ചെയ്യും. തുടർന്ന്, ബിഷപ് മാർ പോളി കണ്ണൂക്കാടന്റെയും തൃശൂർ അതിരൂപത വികാരി ജനറാൾ മോണ്‍. ജോസ് കോനിക്കരയുടെയും ബസിലിക്ക ഇടവകയിലെ സീനിയർ വൈദികൻ ഫാ. ആന്റണി മേച്ചേരിയുടെയും കാർമികത്വത്തിൽ വിശുദ്ധ കുർബാനയുമുണ്ടാകും.
ഇടവക കൈക്കാരൻ പി.ആർ. ജോർജ്, ശതാബ്ദി ജനറൽ കൺവീനർ ടി.കെ. അന്തോണിക്കുട്ടി, ജോയിന്റ് ജനറൽ കൺവീനർ പ്രഫ. സൂസി പോളി, മീഡിയ കൺവീനർ രവി ജോസ് താണിക്കൽ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
പുത്തൻപള്ളിക്ക് അനുമതി 1925 ഒക്ടോബറിൽ
തൃശൂർ എംപിയായിരുന്ന അഡ്വ. സി.ആർ. ഇയ്യുണ്ണിക്കു കൊച്ചി രാജാവായിരുന്ന രാമവർമ 1925 ഒക്ടോബർ എട്ടിനാണ് പള്ളി നിർമിക്കാൻ അനുമതി നൽകിയത്. പത്തിന് സെന്റ് തോമസ് കോളജ് എൽപി സ്കൂളിന്റെ ഹാൾ താത്കാലിക ദേവാലയമാക്കി മാറ്റി പരിശുദ്ധ വ്യാകുലമാതാവിനു സമർപ്പിച്ചു. ഗോഥിക് നിർമാണശൈലിയിൽ രൂപകല്പന ചെയ്ത പുത്തൻപള്ളിയുടെ നിർമാണം പിന്നീടു ഘട്ടംഘട്ടമായി പൂർത്തിയാക്കി.
മദ്രാസിൽനിന്നുള്ള എൻജിനീയർ എസ്.എ. ജ്ഞാനപ്രകാശത്തിന്റെ രൂപരേഖ അനുസരിച്ച് ദേവാലയത്തിനുമുന്പിൽ 140 അടിവീതം ഉയരമുള്ള രണ്ടു പള്ളിമണിഗോപുരങ്ങളും, പിന്നിൽ 260 അടി ഉയരമുള്ള ബൈബിൾ ടവറുമുണ്ട്.
ടവറിന്റെ 200 അടി ഉയരത്തിലുള്ള സന്ദർശക ഗാലറിയിലിരുന്നാൽ തൃശൂർ നഗരത്തിന്റെ കാഴ്ചയും അവിടെനിന്ന് 400 പടവുകൾ ഇറങ്ങുന്പോൾ ആസ്വദിക്കാവുന്ന വ്യത്യസ്ത ചിത്ര-ശില്പ സങ്കേതങ്ങളിലുള്ള കലാസൃഷ്ടികളുമുണ്ട്.
25,000 ചതുരശ്രയടിയാണ് ദേവാലയത്തിന്റെ ആകെ വിസ്തീർണം. മാർബിൾ ചിപ്സിൽ പൊതിഞ്ഞ 32 വൻകരിങ്കൽത്തൂണുകൾ അതിരിടുന്ന ദേവാലയ ഹാളിനുള്ളിൽ എല്ലാ വശങ്ങളിലുമായി 11,700 ചതുരശ്രയടി വിസ്തീർണമുള്ള ബാൽക്കണിയുമുണ്ട്.
1986-ലെ തൃശൂർ സന്ദർശനവേളയിൽ ജോണ്‍പോൾ രണ്ടാമൻ പാപ്പ ഉപയോഗിച്ച എപ്പിസ്കോപ്പൽ സിംഹാസനവും പ്രസംഗപീഠവും ഇന്നു ബസിലിക്കയുടെ അൾത്താരയിലുണ്ട്.