പൂരം വിവാദം: ത്രിതല അന്വേഷണങ്ങളിൽ അങ്കിത് അശോകിന്റെ മൊഴി പ്രധാനം
1459146
Saturday, October 5, 2024 7:51 AM IST
തൃശൂർ: പൂരം അലങ്കോലപ്പെട്ട സംഭവത്തിൽ ത്രിതല അന്വേഷണം ആരംഭിക്കുന്പോൾ നിർണായകമൊഴികൾ മുൻ തൃശൂർ സിറ്റി പോലീസ് കമ്മീഷണർ അങ്കിത് അശോകന്റെയായിരിക്കും. പൂരം അലങ്കോലപ്പെട്ട സമയത്തു തൃശൂർ സിറ്റി പോലീസ് കമ്മീഷണറായിരുന്ന അങ്കിത് അശോകന്റെ നടപടികൾ അന്വേഷണത്തിൽ പ്രധാന ഘടകമാണ്. ആരുടെയെല്ലാം നിർദേശപ്രകാരമാണ് സിറ്റി പോലീസ് കമ്മീഷണർ പ്രവർത്തിച്ചതെന്നതു വളരെ നിർണായകചോദ്യവും ഉത്തരവുമാണ്.
സ്വന്തം ഇഷ്ടത്തിനനുസരിച്ചാണ് കമ്മീഷണർ പ്രവർത്തിച്ചതെന്നുപറഞ്ഞ് മുകളിൽനിന്ന് ഉത്തരവിട്ടവരെ രക്ഷിക്കാൻ ശ്രമം നടക്കുമെന്നും ഇപ്പോൾതന്നെ ആളുകൾ പറയുന്നുണ്ട്.
പൂരം പ്രശ്നങ്ങളിൽനിന്നു പ്രശ്നങ്ങളിലേക്കു കടന്ന സമയത്ത് ഉന്നത പോലീസ് ഉദ്യോഗസ്ഥർ തൃശൂരിൽ ക്യാന്പു ചെയ്തിരുന്നു. കമ്മീഷണർക്കും ഇത് അറിവുള്ളതായിരുന്നു. ഇവരാരെങ്കിലും പൂരം അലങ്കോലപ്പെടുന്പോൾ ഇടപെടുകയോ നിർദേശങ്ങൾ നൽകുകയോ ചെയ്തിരുന്നോ എന്നത് അന്വേഷിക്കും.