എഎഡബ്ല്യുകെ സമ്മേളനവും ജൂബിലി ആഘോഷവും ആറിന്
1458914
Friday, October 4, 2024 7:07 AM IST
തൃശൂർ: അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്സ്ഷോപ്പ് കേരളയുടെ (എഎഡബ്ല്യുകെ) ജില്ലാതല പ്രതിനിധിസമ്മേളനവും സിൽവർ ജൂബിലി ആഘോഷവും മുതുവറ സി.എൻ. ബാലകൃഷ്ണൻ സപ്തതി ഓഡിറ്റോറിയത്തിൽ ആറിനു രാവിലെ 10.30നു നടത്തും. ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ഉദ്ഘാടനം ചെയ്യും.
മലിനീകരണനിയന്ത്രണനിയമങ്ങളുടെ പേരിൽ ഒരുവർഷമായി വർക്ക് ഷോപ്പുകളുടെ ലൈസൻസ് പുതുക്കിനൽകുന്നില്ലെന്നും ക്ഷേമനിധി ബോർഡിൽനിന്ന് ആനുകൂല്യങ്ങൾ ലഭിക്കുന്നില്ലെന്നും നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വർക്ക് ഷോപ്പ് തൊഴിലാളികളെ മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ ഉൾപ്പെടുത്താനുള്ള ബിൽ ഗവർണറുടെ പരിഗണനയ്ക്ക് അയച്ചു.
ഗവർണർ ബിൽ രാഷ്ട്രപതിക്ക് അയച്ചതിനുശേഷം നടപടിയുണ്ടായില്ല. കോവിഡ്, പ്രളയകാലങ്ങളിൽ സർക്കാർ ആംബുലൻസ് ഉൾപ്പെടെയുള്ളവയുടെ അറ്റകുറ്റപ്പണികൾ സൗജന്യമായി സംഘടനയുടെ നേതൃത്വത്തിൽ ചെയ്തിരുന്നു. വയനാട് ദുരന്തത്തിൽ ഇരയായ അഞ്ചുപേർക്കു വീടുനിർമിക്കാൻ ഒരുകോടി രൂപ സമാഹരിച്ചിട്ടുണ്ടെന്നും നേതാക്കൾ പറഞ്ഞു.
സമ്മേളനത്തോടനുബന്ധിച്ച് എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെയും തൃശൂർ ജില്ലയിൽ സംഘടനയുടെ പ്രാരംഭഘട്ടത്തിൽ പ്രവർത്തിച്ച പത്തുപേരെയും ആദരിക്കും.
ജില്ലാ പ്രസിഡന്റ് എം.കെ. മുരളീധരൻ, സെക്രട്ടറി വർഗീസ് ഇരിന്പൻ, ട്രഷറർ ഒ.എസ്. മണിരഥൻ, ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ പി.ആർ. റോയ്, എം.വി. ജോസഫ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.