പ്രാദേശിക സാമ്പത്തികവികസനത്തില്‍ കെഎസ്ഇ നിര്‍ണായകപങ്ക് വഹിച്ചു: മന്ത്രി ഡോ. ആര്. ബിന്ദു
1458073
Tuesday, October 1, 2024 7:22 AM IST
ഇരിങ്ങാലക്കുട: ഒട്ടേറെപ്പേര്‍ക്കു തൊഴിലും ജീവിതവും നല്‍കുന്നതോടൊപ്പം പ്രാദേശികസാമ്പത്തിക വികസനത്തിനു കെഎസ്ഇ ലിമിറ്റഡ് കമ്പനി നിര്‍ണായകമായ പങ്കാണ് വഹിച്ചിട്ടുള്ളതെന്നു മന്ത്രി ഡോ. ആര്. ബിന്ദു പറഞ്ഞു.
കെഎസ്ഇ ലിമിറ്റഡിന്റെ വജ്രജൂബിലി ആഘോഷം ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. മികച്ച വ്യവസായസൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം ഒന്നാംസ്ഥാനത്ത് എത്തിയതോടെ സംസ്ഥാനത്തെക്കുറിച്ചുള്ള കാഴ്ചപ്പാടില്‍ മാറ്റം വന്നുകഴിഞ്ഞതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കമ്പനി അങ്കണത്തില്‍ നടന്ന പൊതുസമ്മേളനത്തില്‍ ചെയര്മാന് ടോം ജോസ് റിട്ട. ഐഎഎസ് അധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടീവ് ഡയറക്ടര്‍ പോള്‍ ഫ്രാന്‍സീസ് കണ്ടംകുളത്തി കന്പനിയിലെ ആദ്യ ജീവനക്കാരനായ ആന്റോ കീറ്റിക്കലിനെ ആദരിച്ചു. കെഎസ്ഇ മാനേജിംഗ് ഡയറക്ടര്‍ എം.പി. ജാക്സണ്, നഗരസഭ കൗണ്‍സിലര്‍ സോണിയ ഗിരി, വിവിധ യൂണിയന് പ്രതിനിധികളായ വി.എ. മനോജ് കുമാര്‍, സോമന് ചിറ്റേത്ത്, പി. ഗോപിനാഥ്, കോക്കനട്ട് ഓയില്‍ ആന്‍ഡ് കൊപ്ര പ്രൊഡ്യൂസേഴ്സ് സൊസൈറ്റി പ്രസിഡന്റ് പി. സതീശന്, ജനറല്‍ മാനേജര്‍ എം. അനില്‍, കമ്പനി അസി. ജനറല്‍ മാനേജര്‍ അജോയ് ആന്റോ ബേബി എന്നിവര്‍ സംസാരിച്ചു. പ്രമോട്ടര്‍ ഡയറക്ടര്‍ അഡ്വ. എ.പി. ജോര്‍ജിനെ ചടങ്ങില്‍ ആദരിച്ചു.
ആഘോഷത്തിന്റെ ഭാഗമായി കെഎസ്ഇ കമ്പനിയുടെ എല്ലാ യൂണിറ്റുകളിൽനിന്നുമുള്ള 1500-ലധികം ജീവനക്കാര്‍ പങ്കെടുത്ത റാലി നടന്നു.