വയനാടിനു കൈത്താങ്ങായി ഇന്നലെ 7,13,757 രൂപ
1441939
Sunday, August 4, 2024 7:18 AM IST
തൃശൂർ: വയനാട്ടിലെ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി തൃശൂർ കളക്ടറേറ്റിൽ പ്രവർത്തിക്കുന്ന കളക്ഷൻ സെന്ററിൽനിന്നു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഇന്നലെ ലഭിച്ചത് 7,13,757 രൂപ. വിവിധ സംഘടനകളും വ്യക്തികളും നൽകിയ ചെക്ക് റവന്യു മന്ത്രി കെ. രാജൻ,ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ, എഡിഎം ടി. മുരളി എന്നിവരുടെ സാന്നിധ്യത്തിൽ ഏറ്റുവാങ്ങി.
നാട്ടികയിൽ പ്രവർത്തിക്കുന്ന ലുലു പ്പ് ഡയറക്ടർ എം.എ. സലീമിന്റെ നേതൃത്വത്തിലുള്ള എം.കെ അബു ട്രസ്റ്റ് അഞ്ചുലക്ഷം നൽകി. ജില്ലാ ടോഡി വർക്കേഴ്സ് യൂണിയൻ (സിഐടിയു) ഒരു ലക്ഷം രൂപയും ധനലക്ഷ്മി ഗ്രൂപ്പ് ഓഫ് കന്പനീസ് 55,500 രൂപയും കുന്നംകുളം, കാണിപ്പയ്യൂർ മഹാപ്സ് സ്ക്വാഡ് ക്ലബ് 10,000 രൂപയും നൽകി. വിവിധ സംഘടനകളും സ്ഥാപനങ്ങളും വ്യക്തികളും വിദ്യാർഥികളുമായി 48,257 രൂപയും നൽകി. കളക്ടറേറ്റിലെ കളക്ഷൻ സെന്ററിൽ ഇതുവരെ 13,67,584 രൂപ ദുരിതാശ്വാസ നിധിയിലേക്കു ലഭിച്ചു.
മേയറുടെ പെൻഷനും ഓണറേറിയവും
തൃശൂർ: മേയർ എം.കെ. വർഗീസിന്റെ ഒരുമാസത്തെ ഓണറേറിയവും സർവീസ് പെൻഷനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു കൈമാറി. ആക്ട്സിന്റെ രജതജൂബിലി ലോഗോ പ്രകാശനത്തോടനുബന്ധിച്ചു നടന്ന ചടങ്ങിലാണ് 50,000 രൂപയുടെ ചെക്ക് കൈമാറിയത്.