ബണ്ട് തകർന്നു
1441177
Friday, August 2, 2024 12:57 AM IST
തെക്കുംപാടം: തിങ്കളാഴ്ച വൈകുന്നേരമുണ്ടായ ശക്തമായ മഴയെതുടർന്ന് തെക്കുംപാടം തോട്ടിലുണ്ടായ മലവെള്ളപ്പാച്ചിലിൽ തോടിന്റെ ബണ്ട് തകർന്നു. തെക്കുംപാടം പാലത്തിനരികിലൂടെ മഞ്ഞക്കുന്നിലേക്ക് പോകുന്ന റോഡിൽ 50 മീറ്ററോളം മാറിയാണ് ബണ്ടിനുമുകളിലൂടെ ടാർ ചെയ്ത റോഡ് ഉൾപ്പെടെ ഒലിച്ചു പോയത്. ഇവിടെ വലിയ കിടങ്ങ് രൂപപ്പെട്ടിരിക്കുകയാണ്.
വാഹനങ്ങൾക്കോ കാൽനടക്കാർക്കോ ഇതുവഴി കടന്നുപോകാൻ കഴിയില്ല. ബണ്ട് തകർന്നുണ്ടായ പാറക്കല്ലുകളും ചെളിയും തോടിന് താഴ്ഭാഗത്തുള്ള കൃഷിയിടത്തിലേക്കാണ് ഒഴുകിയെത്തിയത്.
പ്രദേശമാകെ കല്ലും ചേറും കൊണ്ട് നിറഞ്ഞിരിക്കുകയാണ്. കപ്പയും വാഴയും കൃഷി ചെയ്തിരിക്കുന്ന പ്രദേശമാണിത്. കൃഷി നാശവും ഉണ്ടായിട്ടുണ്ട്. മഴയുടെ തീവ്രത കുറഞ്ഞ്് തോട്ടിലെ ജലനിരപ്പ കുറഞ്ഞതിനെ തുടർന്നാണ് കൃഷിയിടത്തിൽ നിന്നും വെള്ളക്കെട്ട് ഒഴിവായത്. മഴ വീണ്ടും ശക്തമായാൽ ബണ്ട് കൂടുതൽ ഇടിയാനും പ്രദേശം മുഴുവൻ വെള്ളക്കെട്ടിലകപ്പെടാനും സാധ്യതയുണ്ട്.