തോടുവൃത്തിയാക്കൽ വൈകിപ്പിച്ചതു മനപ്പൂർവമുള്ള വീഴ്ച: രാജൻ പല്ലൻ
1423544
Sunday, May 19, 2024 7:15 AM IST
തൃശൂർ: സിപിഎം ഭരണസമിതിയും മേയറും തോടുവൃത്തിയാക്കൽ പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കാതിരുന്നതു താഴ്ന്ന പ്രദേശത്തു താമസിക്കുന്ന ആയിരക്കണക്കിനു കുടുംബാംഗങ്ങളോടു കാണിക്കുന്ന വഞ്ചനയാണെന്നു പ്രതിപക്ഷനേതാവ് രാജൻ ജെ.പല്ലൻ.
കോർപറേഷൻ പരിധിയിലെ 250 തോടുകൾ വൃത്തിയാക്കുന്ന നടപടികൾ വേനൽക്കാലത്തു തോടുകൾ വറ്റിയിരിക്കുന്ന സമയത്തു ചെയ്യണമായിരുന്നു. കോടിക്കണക്കിനുരൂപയുടെ വൃത്തിയാക്കൽ നടപടിയിൽ യന്ത്രങ്ങൾ തോട്ടിലേക്കിറങ്ങി ആഴംകൂട്ടി മണ്ണ് ലോറിയിൽ കൊണ്ടുപോകുകയാണു ചെയ്യേണ്ടിയിരുന്നത്. എന്നാൽ മഴപെയ്യുമ്പോൾ, കരയിൽനിന്ന് ഹിറ്റാച്ചി ഉപയോഗിച്ച് പായൽ മാറ്റുന്ന തട്ടിപ്പുപ്രവൃത്തികൾ മാത്രമാണു ചെയ്യാനാകുക. ഇതു ഗുരുതര അഴിമതിയാണ്.
ലോക്സഭാ തെരഞ്ഞെടുപ്പു വരുമെന്നും മഴക്കാലം വരുമെന്നും മുൻകൂട്ടി അറിയാമായിരുന്നിട്ടും പ്രതിപക്ഷം മുന്നറിയിപ്പുകത്ത് നൽകിയിട്ടും വലിയ തോടുകൾ വൃത്തിയാക്കാതിരുന്നത് അഴിമതിക്കു കളമൊരുക്കാൻ മനപ്പൂർവം ഉണ്ടാക്കിയ വീഴ്ചയാണെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു.