വർഗീയതയെക്കുറിച്ചുള്ള വിജയൻമാഷിന്റെ നിരീക്ഷണങ്ങൾ ഇക്കാലത്തും പ്രസക്തം: സുനിൽ പി. ഇളയിടം
1416846
Wednesday, April 17, 2024 1:53 AM IST
മതിലകം: വർഗീയതയെക്കുറിച്ചുള്ള വിജയൻ മാഷിന്റെ നിരീക്ഷണങ്ങൾ ഇക്കാലത്തും പ്രസക്തമെന്നു സുനിൽ.പി.ഇളയിടം അഭിപ്രായപ്പെട്ടു. മതിലകം കളരി പറമ്പ് ഗ്രാമീണ വായനശാല ഏർപ്പെടുത്തിയ എം.എൻ.വിജയൻ പുരസ്കാരം പി.എൻ.ഗോപീകൃഷണന് സമർപ്പിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ചിന്താ ജീവിതത്തെ സാമൂഹിക ജീവിതവുമായി ബന്ധിപ്പിച്ച മഹാപ്രതിഭയായിരുന്നു വിജയൻ മാസ്റ്റർ.
ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കഥ എന്ന പുസ്തകം കാവ്യഭാഷയിലൂടെ ലേഖനമെഴുതുന്നതിന് ഉദാഹരണമാണ്. ഹിന്ദുത്വ ഫാഷിസത്തെ ഇത്രയേറെ സമഗ്രതയോടെ കണ്ട മറ്റൊരു പുസ്തകം ഇതുവരെ മലയാളത്തിൽ ഉണ്ടായിട്ടില്ല. ഏറ്റവും ചെറിയ സാധനമായ ഉപ്പിനെ സമരായുധമാക്കിയതു വഴി സ്വാതന്ത്ര്യ സമരത്തെ ജനകീയമാക്കി. നാംതന്നെ നാമാകുന്നതിനെ കുറിച്ച് രൂപപ്പെടുന്ന നമ്മുടെ കൂട്ടായ്മയാണ് ശ്രദ്ധേയം. ഹിന്ദുത്വമെന്നത് കേവല വാക്കല്ല, ചരിത്ര വക്രീകരണമാണ്. ജനങ്ങൾക്ക് മേൽ പിടിമുറിക്കി കഴിഞ്ഞാൽ ഏതൊരാശയവും പടരുന്നത് കാണാം. ഹിന്ദുത്വമെന്നത് ഇതിനുദാഹരണമാണ് .
നിർണായക മുഹൂർത്തങ്ങളിൽ ഒരു വിട്ടുവീഴ്ചയും ചെയ്യാത്ത മഹാനാണ് ഗാന്ധി. അദ്വൈതത്തെ അനുഭവമാക്കി മാറ്റിയതിലാണ് ഗാന്ധിയുടെ പ്രസക്തി. എല്ലാ സമരങ്ങളും ചെയ്യുന്നത് വിജയിക്കാൻ വേണ്ടി മാത്രമല്ല പ്രതികരണം രേഖപ്പെടുത്താൻ വേണ്ടി കൂടിയാണ് എന്നും സുനിൽ. പി ഇളയിടം അഭിപ്രായപ്പെട്ടു. ഇ.ടി.ടൈസൺ എംഎൽഎ അധ്യക്ഷത വഹിച്ചു. പി.എം. സിജിത്ത് കവി പി. സലിംരാജിനെയും നിധിൻ ശ്രീനിവാസൻ എം.എൻ. വിജയനെയും അനുസ്മരിച്ചു.
വായനയുടെ ലോകം സാഹിത്യ പുരസ്കാരം ഇ.എസ്. ആമിക്കു പി.എൻ. ഗോപീകൃഷ്ണൻ സമ്മാനിച്ചു.സോമൻ താമരക്കുളം പ്രശസ്തിപത്രം വായിച്ചു. വായനയുടെ ലോകം അവാർഡ് ഗ്രാമീണ വായനശാല പ്രസിഡന്റ് പി.വി. സജിത സമ്മാനിച്ചു.
വായനശാല സെക്രട്ടറി എം.എസ്. ദിലീപ്, സംഘാടക സമിതി ചെയർമാൻ ടി.എസ്. സജീവൻ, ഫസീല തരകത്ത്, ജില്ലാ പഞ്ചായത്ത് അംഗം സുഗത ശശിധരൻ, മതിലകം പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷരായ എം.കെ. പ്രേമാനന്ദൻ, പ്രിയാ ഹരിലാൽ തുടങ്ങിയവർ പ്രസംഗിച്ചു.