പട്ടാപ്പകൽ വഴിവിളക്കുകൾ തെളിഞ്ഞു കിടക്കുന്നു; രാത്രി അണഞ്ഞും
1374350
Wednesday, November 29, 2023 2:44 AM IST
മേലൂർ: പട്ടാപ്പകൽ വഴിവിളക്കുകൾ തെളിഞ്ഞു കിടക്കുന്നു. വൈദ്യുതി നിരക്ക് കുത്തനെകൂട്ടി ജനങ്ങളെ ബുദ്ധിമുട്ടിക്കുമ്പോഴാണ് പഞ്ചായത്ത് പരിധിയിലെ വിവിധ വാർഡുകളിൽ തെരുവു വിളക്കുകൾ പകൽനേരങ്ങളിലും തെളിഞ്ഞു കിടക്കുന്നത്. വിഷ്ണുപുരം ക്ഷേത്രം മുതൽ കൊമ്പിച്ചാൽ വരെയുള്ള മുഴുവൻ പോസ്റ്റുകളിലേയും ബൾബുകൾ ഉച്ചയ്ക്ക് രണ്ടരമണിക്കും പ്രകാശിക്കുന്ന നിലയിലാണ്.
ഓരോ വീടുകൾക്കും വിവിധ രീതിയിലുള്ള ചാർജുകൾ ഇടാക്കിയാണ് വൈദ്യുതി ബില്ലുകൾ വരുന്നതെന്ന ആക്ഷേപം വ്യാപകമാണ്. പൊതുജനങ്ങൾ മാത്രം വൈദ്യുതി നഷ്ടപ്പെടുത്താതെ സൂക്ഷിച്ചാൽ മതിയോ? സർക്കാർ സംവിധാനങ്ങൾക്ക് ഇവയൊന്നും ബാധകമല്ലേ എന്നാണ് നാട്ടുകാരുടെ ചോദ്യം.
പലയിടത്തും രാത്രികാലങ്ങളിൽ വഴി വിളക്കുകൾ അണഞ്ഞുകിടക്കുന്നു. സമയബന്ധിതമായി പ്രവർത്തിക്കാനുള്ള സംവിധാനം ഘടിപ്പിച്ചിട്ടുണ്ടെങ്കിലും ശരിയായ രീതിയിൽ പ്രവർത്തിക്കുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. തെരുവ് വിളക്കുകളുടെ തകരാറുകൾ പരിഹരിക്കാൻ അധികൃതർ തയ്യാറാവുന്നില്ലെന്ന ആരോപണമുണ്ട്.
ബന്ധപ്പെട്ട അധികൃതർ കേടുപാടുകൾ പരിഹരിച്ചു കൃത്യതയോടെ വഴിവിളക്കുകൾ പ്രവർത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.