പന്നിക്കൂട്ടം കാപ്പിത്തോട്ടം നശിപ്പിച്ചു
1373747
Monday, November 27, 2023 2:02 AM IST
വേലൂർ: തയ്യൂരിൽ എട്ടേക്കർ കാപ്പിത്തോട്ടം പന്നിക്കൂട്ടം നശിപ്പിച്ചു. കോട്ടക്കുന്നിനു സമീപം റബർ മരങ്ങൾക്കിടയിൽ നട്ട തയ്യൂർ തിരുത്തിക്കാട്ട് പട്ടത്തു രാജേഷ് നന്പീശന്റെ കായ്ച്ചുതുടങ്ങിയ മുന്നൂറിൽപ്പരം കാപ്പിച്ചെടികളാണു നശിപ്പിച്ചത്. വിളവെടുക്കാവുന്ന പ്രായത്തിലെത്തിയ കാപ്പിച്ചെടികളാണു പന്നിക്കൂട്ടം കുത്തിമറിച്ചത്.
ലക്ഷങ്ങൾ ചെലവിട്ട് 8000 കാപ്പിച്ചെടികളാണു രാജേഷ് നട്ടത്. തൃശൂർ ജില്ലയിൽ വൻതോതിൽ കാപ്പിക്കൃഷിയിറക്കുന്നതും ആദ്യമാണ്. പ്രതികൂല കാലാവസ്ഥയും മണ്ണിന്റെ ഘടനയും കാപ്പിക്കൃഷിക്ക് അനുകൂലമല്ലെന്ന വിദഗ്ധരുടെ നിലപാടു തിരുത്തിക്കുറിച്ചു വൻ വിജയമാക്കിയ സമയത്താണു പന്നിക്കൂട്ടം തകർത്തെറിഞ്ഞത്.
രണ്ടുലക്ഷത്തിലേറെ രൂപയുടെ നാശമുണ്ട്. രാജേഷും സുഹൃത്തു ധർമരാജനുംകൂടിയാണു കൃഷിയാരംഭിച്ചത്.
നാലുവർഷം പ്രായമുള്ള കാപ്പിച്ചെടി വിളവെടുപ്പു കഴിയുന്നതുവരെ പന്നിക്കൂട്ടത്തിന്റെ ശല്യം അവസാനിപ്പിക്കാൻ നടപടിയെടുക്കണമെന്നു കർഷകർ ആവശ്യപ്പെട്ടു.