ശ്രീ കേരളവർമ കോളജിനു ശില്പകലാ ചാരുതയിൽ പുതിയ കവാടം
1373745
Monday, November 27, 2023 2:02 AM IST
സ്വന്തം ലേഖകൻ
തൃശൂർ: അറിവിന്റെ ലോകത്തേക്കു തലമുറകളെ വരവേറ്റ ശ്രീ കേരളവർമ കോളജ് പ്രവേശനകവാടം ഒാർമയാകുന്നു. പഴയതു പൊളിച്ചുകളഞ്ഞ് കൂടുതൽ ആകർഷകമായ പ്രവേശനകവാടം ഒരുങ്ങുന്നു.
6.25 മീറ്റർ ഉയരത്തിലും വീതിയിലും കേരളീയ വാസ്തു ശില്പകലാ ചാരുതയിലാണു പുതിയ കവാടം പണിയുന്നത്. ഒരുപാട് ആർക്കിടെക്ടർമാർക്കും ചിത്ര-ശില്പകലാ പ്രതിഭകൾക്കും രൂപംകൊടുത്ത കോളജിന്റെ പ്രവേശന കവാടത്തിന്റെ പ്ലാൻ തയാറാക്കാനുള്ള അവസരം കോളജിന്റെ ഉൾത്തുടിപ്പറിയുന്ന പൂർവ വിദ്യാർഥികൾക്കുതന്നെ വിട്ടുകൊടുത്തിരിക്കുകയാണു മാനേജ്മെന്റ്. പൊതുജനങ്ങൾക്കും കവാടത്തിന്റെ പ്ലാനുകൾ സമർപ്പിക്കാം. കേരള വർമ കോളജിന്റെ ചരിത്രവും പ്രൗഢിയും പാരന്പര്യവും ഒറ്റനോട്ടത്തിൽ വ്യക്തമാകുന്ന എലിവേഷനോടും ഡിസൈനോടുംകൂടിയ പ്ലാനുകളായിരിക്കണം. തെരഞ്ഞെടുക്കുന്ന പ്ലാൻ സമർപ്പിക്കുന്ന വ്യക്തിയെ ആദരിക്കും.
ദശാബ്ദങ്ങൾക്കുമുന്പേ നിർമിച്ച കവാടത്തിനു കേടുകൾ സംഭവിച്ചിട്ടില്ലെങ്കിലും കോളജിനു പുതിയ ഭാവം നല്കുകയാണു ലക്ഷ്യം. ആദ്യം ഇളം മഞ്ഞ നിറത്തിൽ തിളങ്ങിയിരുന്ന കോളജ് കവാടത്തിന് ഇപ്പോൾ ഇളം പച്ചനിറത്തിൽ കടുംപച്ച ബോർഡറാണു നല്കിയിരിക്കുന്നത്. കോളജിന്റെ എംബ്ലവും പേരും നാക് അക്രഡിറ്റേഷൻ ഗ്രേഡും കവാടത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇരുവശത്തുമായി ആളുകൾക്കു കടന്നുപോകാൻ മൂന്നരയടി വീതിയിൽ ഇരുന്പുേഗേറ്റും സ്ഥാപിച്ചിട്ടുണ്ട്.
കോളജ് പ്രവേശനകാലത്ത് ഇൗ കവാടത്തിനുമുന്പിൽ വിദ്യാർഥികൾക്കു സ്വാഗതമരുളി വിദ്യാർഥി സംഘടനകൾ കമാനങ്ങൾ ഒരുക്കാറുണ്ട്. പലപ്പോഴും കവാടത്തിനു സമീപം ഉയരുന്ന രാഷ്ട്രീയ നിലപാടുകൾ വ്യക്തമാക്കുന്ന ബോർഡുകൾ സമൂഹത്തിൽ വൻ ചർച്ചകൾക്കു വഴിയൊരുക്കിയിട്ടുണ്ട്.
കൊച്ചിരാജാവായിരുന്ന ഐക്യകേരളം തമ്പുരാൻ 1947ൽ സ്വന്തം പേരിൽ സ്ഥാപിച്ചതാണു ശ്രീ കേരള വർമ കോളജ്. ആദ്യകാലത്ത് മദ്ാസ് സർവകലാശാലയുടെ ഭാഗമായിരുന്ന കോളജ് നിലവിൽ കാലിക്കട്ട് സർവകലാശാലയ്ക്കു കീഴിലാണ്. കൊച്ചിൻ ദേവസ്വം ബോർഡാണ് കോളജിനു മേൽനോട്ടം വഹിക്കുന്നത്.