കരുവന്നൂരിൽ വിശ്വാസം വീണ്ടെടുക്കാൻ സിപിഎം
1339340
Saturday, September 30, 2023 12:58 AM IST
സ്വന്തം ലേഖകൻ
തൃശൂർ: കരുവന്നൂരിൽ ഇ.ഡിയുടെ കടുത്ത നടപടികൾക്കൊപ്പം ജനരോഷം കൂടി ആളിക്കത്താൻ തുടങ്ങിയാൽ പ്രതിരോധിക്കാൻ പാടുപെടുമെന്ന സാഹചര്യത്തിൽ നിക്ഷേപകർക്ക് പണം അടിയന്തിരമായി തിരിച്ചുകൊടുക്കുകയെന്നതല്ലാതെ വേറൊരു മാർഗവും മുന്നിൽ കാണാതെ സിപിഎം സംസ്ഥാന നേതൃത്വം.
ഇന്നലെ രാവിലെ മുഖ്യമന്ത്രിയും കേരള ബാങ്ക് വൈസ് ചെയർമാൻ എം.കെ. കണ്ണനും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിൽ പ്രധാന ചർച്ചയായതും ഇതു തന്നെയാണെന്നാണ് സൂചന.
കരുവന്നൂർ ബാങ്കിലെ എല്ലാ നിക്ഷേപകരുടെയും വിശദമായ ലിസ്റ്റ് തരംതിരിച്ച് പരിശോധിച്ച് അടിയന്തിരമായി പണം ആവശ്യമായിവരുന്ന തീർത്തും പാവപ്പെട്ടവർക്ക് വേഗത്തിൽ പണം കൊടുക്കുകയെന്ന രീതി അവലംബിക്കാനാണ് നീക്കം.
ഇതിനായി കേരള ബാങ്ക് അന്പതുകോടി രൂപ അഡ്വാൻസ് നൽകാൻ സാധ്യതയേറി. കേരള ബാങ്ക് വൈസ് ചെയർമാൻ ഇന്ന് മുഖ്യമന്ത്രിയോട് ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. ഈ വർഷം ഡിസംബർ 31നകം കരുവന്നൂരിലെ ഇടപാടുകാരുടെ ആശങ്കകളെല്ലാം തീർക്കണമെന്ന രീതിയിലാണ് സംസ്ഥാന നേതൃത്വം കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നത്. വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കരുവന്നൂർ വിഷയം പ്രതിപക്ഷങ്ങൾക്ക് ആയുധമാകരുതെന്നും അതിനാൽ ഇടപാടുകാരെ ശാന്തരാക്കണമെന്നും അതിനുവേണ്ട നടപടികൾ സ്വീകരിക്കണമെന്നും താഴെത്തട്ടിലേക്ക് വരെ നിർദേശം പോയിട്ടുണ്ട്.
സന്പന്നർ, പെട്ടന്ന് പൈസ ആവശ്യമില്ലാത്തവർ, സർക്കാർ ജീവനക്കാർ തുടങ്ങിയവരെ ഒരു ലിസ്റ്റിലും സാധാരണക്കാർ, പാവപ്പെട്ടവർ എന്നിവരെ മറ്റൊരു ലിസ്റ്റിലുംപെടുത്തി പണം കൊടുത്തു തീർക്കാനാണ് പദ്ധതിയെന്നറിയുന്നു.
പണം കിട്ടാതെ വരുന്നവർ രൂക്ഷപ്രതികരണങ്ങളുമായി പൊതുജനമധ്യത്തിലേക്കിറങ്ങുന്നത് തടയാൻ പണം കൊടുത്തുതീർക്കുക മാത്രമാണ് പോംവഴിയെന്നുള്ളതിനാലാണ് സിപിഎം ഇത്തരമൊരു തന്ത്രം മെനയുന്നത്.