കോതമംഗലം ബ്ലോക്കിലെ ഓണച്ചന്തകൾ ഇന്നാരംഭിക്കും
1588377
Monday, September 1, 2025 3:07 AM IST
കോതമംഗലം: കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ ഇന്ന് എല്ലാ കൃഷിഭവനുകളിലും ആരംഭിക്കുന്ന ഓണച്ചന്തകൾക്ക് ആവശ്യമായ പച്ചക്കറികളും കാർഷിക ഉത്പന്നങ്ങളും ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ വിതരണം ചെയ്തു. ബ്ലോക്കുതല വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം. ബഷീർ നിർവഹിച്ചു.
ബ്ലോക്ക് പരിധിയിലെ 10 പഞ്ചായത്തുകളിലെയും, മുനിസിപ്പാലിറ്റിയിലെയും 11 കൃഷി ഭവനുകൾക്കാണ് ഹോർട്ടികോർപ്പിൽ നിന്നും, പഞ്ചായത്തുകളിലെ കർഷകരിൽ നിന്നും സംഭരിച്ച 20 ടണ്ണോളം കാർഷിക ഉത്പന്നങ്ങൾ കൈമാറിയത്. ഇന്നു മുതൽ നാലുവരെ ഓണച്ചന്തകൾ പ്രവർത്തിക്കും. വിപണിവിലയിൽ നിന്നും 30 ശതമാനം കുറച്ചാണ് ഓണച്ചന്തകളിൽ വിൽക്കുന്നത്.
പ്രാദേശികമായി കർഷകരുടെ ഉത്പന്നങ്ങൾ വിപണി വിലയിൽ നിന്നും 10 ശതമാനം വില കൂടുതൽ നൽകി സംഭരിക്കും. ഓണംവിപണിയിൽ വില നിയന്ത്രിക്കാനും,നല്ല നാടൻ ഉത്പന്നങ്ങൾ ആളുകൾക്ക് ലഭ്യമാക്കുകയാണ് സംസ്ഥാന സർക്കാർ ഓണസമൃദ്ധി ഓണച്ചന്ത കൊണ്ട് ലക്ഷ്യമിടുന്നത്. കർഷകരും, കർഷക ഗ്രൂപ്പുകളും നിർമിക്കുന്ന മൂല്യവർധിത ഉത്പന്നങ്ങൾ കേരള-അഗ്രോ ബ്രാൻഡിൽ ഓണച്ചന്തകൾ വഴി വില്പനയ്ക്ക് എത്തിച്ചിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡയാന നോബി അധ്യക്ഷത വഹിച്ചു.
കൃഷി അസിസ്റ്റന്റ് ഡയറക്ടർ പ്രിയമോൾ തോമസ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻമാരായ ജോമി തെക്കേക്കര, ജെയിംസ് കോറന്പേൽ, കൃഷി ഓഫീസർമാരായ ബോസ് മത്തായി, ജിജി ജോബ്, കെ.എ. സജി, കെ.എസ്. സണ്ണി, ആരിഫ മക്കാർ, കെ.എച്ച്. ജെസീന, എസ്. ഗ്രീഷ്മ, സൗമ്യ സണ്ണി, പി.കെ. സാജു, എൽദോ ഏബ്രഹാം, കെ.സി. സാജു, ബേസിൽ വി. ജോസഫ്, വിജയകുമാർ എന്നിവർ നേതൃത്വം നൽകി.