പെരുമ്പാവൂരിൽ വെട്ടം പദ്ധതിക്കു നാളെ തുടക്കം
1588364
Monday, September 1, 2025 2:48 AM IST
പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ നഗരസഭാ പരിധിയില്‍ പഴയ ലൈറ്റുകള്‍ മാറ്റി എല്‍ഇഡി ലൈറ്റുകള്‍ സ്ഥാപിക്കുന്ന വെട്ടം പദ്ധതിക്കു നാളെ തുടക്കമാകും.
പഴയ സോഡിയം വേപ്പര്‍ ലാമ്പുകള്‍, ബള്‍ബുകള്‍, ട്യൂബ് ലൈറ്റുകള്‍ എന്നിവ മുഴുവനായി മാറ്റി പകരം 36 വാട്ട് ശേഷിയുള്ള 5,000 പുതിയ എല്‍ഇഡി ലൈറ്റുകള്‍ സ്ഥാപിക്കുന്നതാണ് പദ്ധതി.
കാലടി ജംഗ്ഷന്, മഹാത്മാഗാന്ധി പ്രതിമ മുതല്‍ പെരുമ്പാവൂര്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വരെയുള്ള മീഡിയനുകളില്‍, അങ്കമാലി-മൂവാറ്റുപുഴ റോഡിലെ കെഎസ്ടിപി സ്ഥാപിച്ച ഇലക്ട്രിക് പോസ്റ്റുകള്‍ എന്നിവിടങ്ങളില്‍ 90 വാട്ട് എല്‍ഇഡി ലൈറ്റുകള്‍ സ്ഥാപിച്ചു.
നഗരസഭ നേരിട്ടാണ് ലൈറ്റുകളുടെ പരിപാലനവും മെയിന്റനന്‍സും. പുതിയ ലൈറ്റുകള്‍ക്ക് മൂന്നു വര്‍ഷത്തെ വാറന്റിയുണ്ട്. മാത്രമല്ല വൈദ്യുതി ചാര്‍ജിലും ഗണ്യമായ കുറവുണ്ടാകും.
അതോടൊപ്പം നഗരത്തിലെ നാല് ഹൈമാക്സ് ലൈറ്റുകള്‍ പുതുക്കി സ്ഥാപിക്കുകയും 30 മിനി മാക്സ് ലൈറ്റുകള്‍ പൂര്‍ണമായും അറ്റകുറ്റപ്പണി നടത്തി വരുകയും ചെയ്യുന്നു.
ഇതോടെ നഗരത്തിലെ മുഴുവന്‍ പ്രധാന റോഡുകളും,ജംഗ്ഷനുകളും,പൊതുസ്ഥലങ്ങളും കൂടുതല്‍ പ്രകാശിതമാകും. 1.30 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി പൂര്‍ത്തിയാക്കിയത്. വെട്ടം പദ്ധതിയുടെ സ്വിച്ച് ഓണ്‍ കര്‍മം ബെന്നി ബഹനാന് എംപി രണ്ടിന് വൈകിട്ട് ഏഴിന് നിര്‍വഹിക്കും.