ചെറായി ബീച്ചിൽ സന്ദർശകരുടെ വാഹനപാർക്കിംഗ് വെള്ളക്കെട്ടിൽ
1588363
Monday, September 1, 2025 2:48 AM IST
ചെറായി: ലോകോത്തര ബീച്ച് ടൂറിസം കേന്ദ്രം എന്ന് ഊറ്റം കൊള്ളുന്ന ചെറായി ബീച്ചിൽ സന്ദർശകരുടെ വാഹനങ്ങൾ പാർക്കു ചെയ്യേണ്ടത് വെള്ളക്കെട്ടിൽ. വാഹനം പാർക്കു ചെയ്ത് വെള്ളക്കെട്ടിലൂടെ നടന്നുവേണം സന്ദർശകർക്ക് ബീച്ചിലെത്താൻ.
മഴ പെയ്താൽ ഒരു തുള്ളി വെള്ളം പോലും ഒഴുകിപ്പോകാതെ പാർക്കിംഗ് ഏരിയയിൽ തന്നെ കെട്ടി നിൽക്കുന്നതാണ് ഇവിടുത്തെ പ്രതിസന്ധിക്ക് കാരണം. ബീച്ചിന്റെ പാർക്കിംഗ് ഏരിയയോട് ചേർന്ന തീരദേശ റോഡ് ഉയരം കൂട്ടി പുനർനിർമിച്ചപ്പോൾ വെള്ളം ഒഴുകിപ്പോകുവാനുള്ള സംവിധാനം ഉണ്ടാക്കിയില്ല.
ഇനി റോഡ് കുത്തിപ്പൊളിച്ച് അടിയിലൂടെ കിഴക്കുവശത്തേക്ക് കുഴലുകൾ സ്ഥാപിച്ചാൽ മാത്രമേ വെള്ളം ഒഴിഞ്ഞുപോകൂ. ഇതിനായി ഉത്തരവാദിത്തപ്പെട്ട ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ യാതൊരു നടപടിയും എടുക്കുന്നില്ലെന്ന ആക്ഷേപം വ്യാപകമാണ്.
അതേസമയം പാർക്കിംഗിൽ വണ്ടിപ്പേട്ട പിരിവ് തകൃതിയായി നടക്കുന്നുമുണ്ടെന്ന് സന്ദർശകർ പറയുന്നു .