ഓണവിപണിയിൽ ഓളമായി ഉയരക്കാരൻ ഓണത്തപ്പൻ
1588359
Monday, September 1, 2025 2:48 AM IST
തൃപ്പൂണിത്തുറ: തിരുവോണത്തെ വരവേൽക്കാനെത്തിയ ചിത്രപ്പണികൾ ചെയ്ത ഉയരക്കാരൻ ഓണത്തപ്പൻ ഓണ വിപണിയിലെ താരമായി. മൂവാറ്റുപുഴ വാളകം കുണ്ടുവേലിൽ രാജപ്പനാണ് നാലരയടിയിലേറെ ഉയരത്തിൽ കഥകളിയും നെറ്റിപ്പട്ടവും ആലേഖനം ചെയ്ത ഡിസൈനർ ഓണത്തപ്പനെ വിപണിയിലെത്തിച്ചിരിക്കുന്നത്. മനോഹരമായ വർണങ്ങളിൽ നിറഞ്ഞുനിൽക്കുന്ന ഓണത്തപ്പൻ തൃപ്പൂണിത്തുറ സ്റ്റാച്ച്യൂ ജംഗ്ഷനിലെ വിപണിയിൽ മിന്നും താരമാണ്.
1000 രൂപയാണ് അഴകൊത്ത ഓണത്തപ്പന്റെ വില.കൂടാതെ 200 രൂപ മുതൽ 1200 രൂപ വരെ വിലയിൽ ഓണത്തപ്പന്മാരുടെ സെറ്റുകളും വിപണിയിലുണ്ട്. മുത്തിയമ്മ, അരകല്ല്, ആട്ടുകല്ല്, ചിരവ തുടങ്ങി പത്ത് ഇനങ്ങളാണ് ഒരു സെറ്റിലുള്ളത്. സ്റ്റാച്ച്യൂ ജംഗ്ഷനിലും പരിസരങ്ങളിലുമായി വാളകത്തെ വില്പനക്കാർ തന്നെ പത്തോളം പേരുണ്ട്.
പാടത്തുനിന്ന് മണ്ണെടുക്കാൻ സാധ്യമല്ലാത്തതിനാൽ മൺപാത്രങ്ങൾ നിർമാണം നടത്തുന്ന കമ്പനിയിയിൽ നിന്നും അരച്ച മണ്ണ് വാങ്ങിയാണ് ഓണത്തപ്പനെ നിർമിക്കുന്നത്. അരച്ച മണ്ണിന് ഇത്തവണ കിലോയ്ക്ക് 40 രൂപയോളം വിലയുയർന്നെങ്കിലും ഓണത്തപ്പന്മാരെ കഴിഞ്ഞ വർഷങ്ങളിലെ വിലയ്ക്ക് തന്നെയാണ് വില്പനയ്ക്കെത്തിച്ചിരിക്കുന്നത്.
കൂടാതെ ഓണം കളറക്കാൻ ഓലക്കുട ചൂടിയ മാവേലിമാരും ഓണവഞ്ചിയും വിപണിയിലുണ്ട്. ഓണത്തിന് പൂക്കച്ചവടം എല്ലായിടത്തുമുണ്ടെങ്കിലും ഓണത്തപ്പന്മാരുടെ മാത്രം വില്പനയ്ക്കായി സ്റ്റാച്ച്യൂ ജംഗ്ഷനിൽ കച്ചവടക്കാർ കേന്ദ്രീകരിക്കുന്നത് തൃപ്പൂണിത്തുറയുടെ ഒരു പ്രത്യേകതയാണ്. അതുകൊണ്ടുതന്നെ ഓണത്തപ്പനെ വാങ്ങണമെന്നതിനാൽ ഓണവിപണയിലെത്തുന്നവർ സ്റ്റാച്ച്യൂവിലെത്താതെ മടങ്ങുന്നതും വിരളമാണ്.
തൊട്ടാൽ 'പൊള്ളും' ചിപ്സ്
കൊച്ചി: തൂശനിലയിൽ വിളമ്പിയ ഓണസദ്യ പൂർണമാകണമെങ്കിൽ ചിപ്സിന്റെയും ശർക്കര വരട്ടിയുടെയും മധുരം കൂടി നുണയണം. അതേ, ചിപ്സും ശർക്കരവരട്ടിയുമില്ലാതെ എന്ത് ഓണസദ്യ. എന്നാൽ ഇത്തവണ ഇവ വാങ്ങണമെങ്കിൽ കൈപൊള്ളും. വെളിച്ചെണ്ണയുടെ വിലവർധന മൂലം ചിപ്സിനും ശർക്കരവരട്ടിക്കും തീവിലയാണ് ഇക്കുറി.
വെളിച്ചെണ്ണയിൽ ഉണ്ടാക്കിയ നേന്ത്രക്കായ ചിപ്സിന് ഒരു കിലോയ്ക്ക് 560 രൂപയാണ് വിപണി വില. ഇതിൽ തന്നെ വെറൈറ്റി ചിപ്പ്സുണ്ട്. പെരിബെറി ബനാന ചിപ്സ്, മസാല ചിപ്സ്, നോർമൽ ബനാന ചിപ്സ്, കട്ട് ചിപ്സ് എന്നിവയെല്ലാം നേന്ത്രക്കായ ചിപ്സിലുണ്ട്. എല്ലാറ്റിനും കിലോയ്ക്ക് 560 രൂപ തന്നെ.
ശർക്കര വരട്ടിക്ക് 520 രൂപ
ചേമ്പു കൊണ്ടുണ്ടാക്കിയ ചിപ്സിന് കിലോയ്ക്ക് 600 രൂപ വരും. മധുരക്കിഴങ്ങ് ചിപ്പ്സ് വാങ്ങണമെങ്കിൽ 400 രൂപ മുടക്കണം. ബീറ്റ്റൂട്ട് ചിപ്സിന് 450 രൂപ. കടച്ചക്ക ചിപ്സും വിപണിയിലുണ്ട്. കടച്ചക്ക സീസണൽ ആയതുകൊണ്ട് അതനുസരിച്ചാണ് വില. ഓണ പലഹാരങ്ങളിൽ മറ്റൊന്ന് കളിയടയ്ക്കയാണ്. ഇത് 200 ഗ്രാം വാങ്ങണമെങ്കിൽ 40 രൂപ മുടക്കണം.
വെളിച്ചെണ്ണ വില കൂടിയതുകൊണ്ട് മുൻ വർഷങ്ങളേക്കാൾ വിൽപന അൽപം കുറവാന്നെന്ന് എറണാകുളം വൈറ്റിലയിലെ വറവുകട ഹോട്ട് ചിപ്സ് ആൻഡ് കേക്ക് ഷോപ്പ് ജീവനക്കാരൻ ജുനൈദ് പറഞ്ഞു. ഓണം അടുക്കുമ്പോൾ വിപണി സജീവമാകുമെന്നാണ് വില്പനക്കാരുടെ പ്രതീക്ഷ.
ലാവണ്യം 2025: കലാസന്ധ്യ നാളെ മുതല്‍
കൊച്ചി: ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലും ചേര്‍ന്നൊരുക്കുന്ന ഓണാഘോഷ പരിപാടിയായ ലാവണ്യം 2025ന് നാളെ വൈകുന്നേരം ആറിന് ദര്‍ബാര്‍ ഹാളില്‍ തുടക്കമാകും.
16 വേദികളിലായി നടക്കുന്ന ഓണാഘോഷം നഗരത്തിലെ പ്രധാന വേദികളോടൊപ്പം ടൂറിസം കേന്ദ്രങ്ങളായ കളമശേരി, ഫോര്‍ട്ടുകൊച്ചി വെളി ഗ്രൗണ്ട്, കുമ്പളങ്ങി, ഫോര്‍ട്ടുകൊച്ചി വാസ്കോ ഡ ഗാമ സ്ക്വയര്‍, പള്ളുരുത്തി, ഭൂതത്താന്‍കെട്ട്, തേവര, വൈലോപ്പിള്ളി പാര്‍ക്ക്, പിറവം, പാമ്പാക്കുട അരീക്കല്‍ വെള്ളച്ചാട്ടം, ചെമ്പറക്കി ജാമിയ ഹസ്നിയ ഗ്രൗണ്ട്, ചെറായി ബീച്ച്, പനമ്പിള്ളി നഗര്‍ എന്നിവിടങ്ങളിലും നടക്കും. 33 കലാപരിപാടികള്‍ അരങ്ങേറും.