കിഫ്ബി ധനസഹായത്തോടെ പൈങ്ങോട്ടൂരിൽ 8.82 കോടിയുടെ ശുദ്ധജല പദ്ധതി
1588373
Monday, September 1, 2025 3:03 AM IST
പോത്താനിക്കാട്: കിഫ്ബി ധനസഹായത്തോടെ പൈങ്ങോട്ടൂര്‍ പഞ്ചായത്തില്‍ നടപ്പിലാക്കുന്ന സമഗ്ര ശുദ്ധജല വിതരണ പദ്ധതിയുടെ നിര്‍മാണ ഉദ്ഘാടനം നാളെ ഉച്ചയ്ക്ക് 12 ന് മന്ത്രി റോഷി അഗസ്റ്റിന് നിര്‍വഹിക്കും. 28.82 കോടിയാണ് പദ്ധതിക്കായി കിഫ്ബി വഴി അനുവദിച്ചിട്ടുള്ളത്.
2016-2017 ലെ സംസ്ഥാന ബജറ്റില്‍ 23 കോടി രൂപ അനുവദിച്ച് പ്രഖ്യാപിച്ച പദ്ധതി വിശദ പദ്ധതി രേഖ തയാറാക്കിയപ്പോള്‍ ചെലവ് 28.82 കോടി രൂപയായി ഉയരുകയും 2019 ല്‍ കിഫ്ബിയില്‍ ഭരണാനുമതി ലഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സ്ഥലമേറ്റെടുക്കല്‍, വനഭൂമി വിട്ടുകിട്ടല്‍ തുടങ്ങിയ നൂലാമാലകളില്‍ പെട്ട് പദ്ധതി ഇഴയുകയായിരുന്നു. രണ്ടുവട്ടം കരാര്‍ ക്ഷണിക്കുകയും ചെയ്തു.
കരാര്‍ ഏറ്റെടുക്കാന്‍ കരാറുകാര്‍ ആരും മുന്നോട്ട് വരാതിരുന്നതും പദ്ധതി വൈകാന്‍ കാരണമായി. ഇപ്പോള്‍ സാങ്കേതിക പ്രശ്നങ്ങള്‍ എല്ലാം പരിഹരിച്ച് പുതിയ കരാര്‍ നല്കി നിര്‍മ്മാണം ആരംഭിക്കുന്നതോടെ പൈങ്ങോട്ടൂര്‍ പഞ്ചായത്തിലെ ജനങ്ങളുടെ പതിറ്റാണ്ടുകളായ കുടിവെള്ള പ്രശ്നത്തിനുള്ള ശാശ്വത പരിഹാരമാവുകയാണ്.
കാളിയാര്‍ പുഴയുടെ തീരത്ത് പനങ്കര കാവുംകഴത്തില് ആറ് മീറ്റര്‍ വ്യാസമുള്ള കിണറും പമ്പുഹൗസും 50 എച്ച്പി മോട്ടോറും സ്ഥാപിച്ച് പൊതകുളത്തെ പതിരിപ്പാറയിലെ 50 സെന്റ് സ്ഥലത്ത് സ്ഥാപിക്കുന്ന 40 ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള ശുചീകരണ പ്ലാന്റിലേയ്ക്ക് വെള്ളം പമ്പു ചെയ്ത് ശുചീകരിച്ചശേഷം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിര്‍മിക്കുന്ന നാല് സംഭരണികളില്‍ വെള്ളം എത്തിച്ച് വിതരണം ചെയ്യുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തതിട്ടുള്ളത്.
കൂടാതെ 15 കിലോമീറ്റര്‍ നീളത്തില്‍ പമ്പിംഗ് ലൈനിനുള്ള പൈപ്പുകളും 47 കിലോമീറ്റര്‍ നീളത്തില്‍ വിതരണ പൈപ്പ് ലൈനുകളും സ്ഥാപിക്കും. കടവൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ മാത്യു കുഴല്നാടന് എംഎല്‍എ അധ്യക്ഷത വഹിക്കും. ഡീന്‍ കുര്യാക്കോസ് എംപി മുഖ്യാതിഥിയാകും.