സ്വകാര്യ ബസ് ബൈക്കിലിടിച്ച് മുന്‍ പഞ്ചായത്ത് പ്രസിഡന്റിന് ഗുരുതര പരിക്ക്
1592082
Tuesday, September 16, 2025 7:01 AM IST
കോതമംഗലം: സ്വകാര്യ ബസ് ബൈക്കിന് പിന്നില്‍ ഇടിച്ച് മുന്‍ പഞ്ചായത്ത് പ്രസിഡന്റിന് ഗുരുതര പരിക്ക്. കീരംപാറ ഊഞ്ഞാപ്പാറ മുരിയന്ചേരി നഗറില്‍ ചെങ്ങമനാട്ട് സി.ജെ. എല്‍ദോസിനെ (68) യാണ് സാരമായി പരിക്കേറ്റ് ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിരിക്കുന്നത്. കുട്ടമ്പുഴ പഞ്ചായത്ത് മുന്‍ പ്രസിഡന്റായിരുന്ന എല്‍ദോസ് കോണ്‍ഗ്രസ് കവളങ്ങാട് ബ്ലോക്ക് വൈസ് പ്രസിഡന്റ്, എന്റെനാട് ഹൈപ്പവര്‍ കമ്മിറ്റിയംഗം, വീക്ഷണം പ്രാദേശിക ലേഖകന്‍, എല്‍ഐസി ഏജന്റ് എന്നീ പ്രവര്‍ത്തിച്ചുവരുകയായിരുന്നു.
മലയിന്‍കീഴ്-കോഴിപ്പിള്ളി ബൈപ്പാസ് റോഡില്‍ ഇന്നലെ രാവിലെ 10.30 ഓടെയാണ് അപകടം. സി.ജെ. എല്‍ദോസ് സഞ്ചരിച്ച ബൈക്കിന് പിന്നില്‍ സ്വകാര്യ ബസ് ഇടിച്ച് അപകടത്തിൽപ്പെടുകയായിരുന്നു.
പരിക്കേറ്റ് റോഡിൽ കിടന്ന എൽദോസിനെ അതുവഴി കാറില്‍ വന്ന കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം. ബഷീറും അംഗങ്ങളും ചേര്‍ന്നാണ് കോതമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. സ്വകാര്യ ബസിന് അടിയില്‍ കിടന്ന ബൈക്ക് പിന്നീട് പോലീസ് എത്തിയാണ് നീക്കം ചെയ്തത്.
തലക്ക് സാരമായി പരിക്കേറ്റ് ആലുവാ രാജഗിരി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുന്ന എല്‍ദോസിനെ വൈകിട്ട് മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. വെന്റിലേറ്റര്‍ സഹായത്തോടെ കഴിയുന്ന എല്‍ദോസ് അപകടനില തരണം ചെയ്തിട്ടില്ലെന്നാണ് ആശുപത്രി അധികൃതരില്‍നിന്നും ലഭിച്ച വിവരം.