പാതിവില തട്ടിപ്പ് കേസ്: അനന്തു കൃഷ്ണന് ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍
1515341
Tuesday, February 18, 2025 3:31 AM IST
മൂവാറ്റുപുഴ : പകുതി വിലയ്ക്ക് ഇരുചക്രവാഹനങ്ങള്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ കേസില്‍ അറസ്റ്റിലായ പ്രതി അനന്തു കൃഷ്ണനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു. മൂവാറ്റുപുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് അനന്തു കൃഷ്ണനെ രണ്ടു ദിവസത്തേക്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടത്. നാളെ കസ്റ്റഡി കാലവധി കഴിയും. അഞ്ചു ദിവസത്തെ കസ്റ്റഡിയാണ് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടതെങ്കിലും രണ്ടു ദിവസമാണ് അനുവദിച്ചത്.
ഇരുപത്തിയൊന്ന് അക്കൗണ്ടുകളിലായി 143.5 കോടി രൂപ അനന്തു കൃഷ്ണന്റെ അക്കൗണ്ടിലെത്തിയെന്നാണ് ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണത്തില്‍ കോടതിയില്‍ അറിയിച്ചിരിക്കുന്നത്. പണത്തിന്റെ ഉറവിടം സംബന്ധിച്ചും കേസില്‍ കൂടുതല്‍ പേര് ഉള്‍പ്പെട്ടിട്ടുണ്ടോയെന്നതു സംബന്ധിച്ചും വ്യക്തത ലഭിക്കേണ്ടതുണ്ട്. ഈ തുകയെല്ലാം എന്തിനാണ് വിനിയോഗിച്ചതെന്നതിലും വ്യക്തതയില്ല. ഇതെല്ലാം ചൂണ്ടിക്കാട്ടി അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണം എന്നായിരുന്നു ക്രൈം ബ്രാഞ്ചിന്റെ ആവശ്യം. എന്നാല്‍ നേരത്തെ പോലീസ് കസ്റ്റഡിയില്‍ കൂടുതല്‍ ദിവസം ചോദ്യം ചെയ്തതാണെന്ന് കോടതി പറഞ്ഞു.
സംസ്ഥാനത്ത് 20,163 പേരില്‍ നിന്ന് അറുപതിനായിരം രൂപ വീതവും 4025 പേരില്‍ നിന്ന് 56,000 രൂപ വീതവുമാണ് പ്രതി വാങ്ങിയതെന്ന് ക്രൈംബ്രാഞ്ച് കസ്റ്റഡി അപേക്ഷയില്‍ വ്യക്തമാക്കി. കൂടുതല്‍ പണം വാങ്ങിയതിനെക്കുറിച്ച് അന്വേഷണം നടത്തണമെന്നും കസ്റ്റഡി അപേക്ഷയില്‍ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടു. പണം ഉപയോഗിച്ച് കുറച്ച് ഇരുചക്രവാഹനങ്ങളും ലാപ്ടോപ്പുകളും വിതരണം ചെയ്യുകയും ഭൂമി വാങ്ങുകയും ചെയ്തു. ബാക്കി തുക എങ്ങനെ വിനിയോഗിച്ചു എന്നതില്‍ കൃത്യമായ വിവരം ലഭിക്കണമെങ്കില്‍ വിശദമായ തെളിവെടുപ്പ് ആവശ്യമാണെന്നാണ് ക്രൈംബ്രാഞ്ച് വാദം.
തെരഞ്ഞെടുപ്പിനും മറ്റുമായി രാഷ്ട്രീയ നേതാക്കള്‍ക്ക് പണം കൈമാറിയെന്ന തരത്തിലുള്ള വിവരങ്ങള്‍ പുറത്തുവന്നിരുന്നു. ഇവര്‍ക്ക് തട്ടിപ്പുമായി ബന്ധമുണ്ടെന്നും ആരോപണം ഉയര്‍ന്നിരുന്നു. ഇതിലെല്ലാം വ്യക്തത വരുത്തുന്നതിന് കൂടുതല്‍ ചോദ്യം ചെയ്യലും തെളിവെടുപ്പും അത്യാവശ്യമാണെന്നും ക്രൈംബ്രാഞ്ച് പറഞ്ഞു.
അഡ്വ. ലാലി വിന്‍സെന്റിന്റെ പങ്കാളിത്തം സംബന്ധിച്ച് റിപ്പോര്‍ട്ട് തേടി ഹൈക്കോടതി
കൊച്ചി: പകുതി വിലയ്ക്ക് സ്കൂട്ടര്‍ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസില്‍ കോണ്‍ഗ്രസ് നേതാവ് അഡ്വ. ലാലി വിന്‍സെന്റിന്റെ പങ്കാളിത്തം സംബന്ധിച്ച് റിപ്പോര്‍ട്ട് തേടി ഹൈക്കോടതി. ലാലിക്കെതിരെ നല്കിയ മൊഴിപ്പകര്‍പ്പ് ഹാജരാക്കാന്‍ ജസ്റ്റീസ് പി.വി. കുഞ്ഞിക്കൃഷ്ണന് അന്വേഷണ ഉദ്യോഗസ്ഥന് നിര്‍ദേശം നല്കി.
കേസില്‍ താന്‍ നിരപരാധിയാണെന്നും കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും ചൂണ്ടിക്കാട്ടി ലാലി നല്കിയ മുന്‍കൂര്‍ ജാമ്യഹര്‍ജിയിലാണ് ഉത്തരവ്. ലാലിയെ ഏഴാം പ്രതിയാക്കി കണ്ണൂര്‍ ടൗണ്‍ സൗത്ത് പോലീസാണ് കേസെടുത്തിരിക്കുന്നത്.
മുഖ്യപ്രതി അനന്തുകൃഷ്ണനില്‍ നിന്ന് തട്ടിപ്പിന്റെ വിഹിതമായ 46 ലക്ഷം രൂപ ലാലി വിന്‍സന്റ് കൈപ്പറ്റിയെന്നാണ് പ്രോസിക്യൂഷന്റെ ആരോപണം. എന്നാല്‍, ഒന്നാം പ്രതി അനന്തു കൃഷ്ണന്റെ നിയമോപദേശക എന്ന നിലയില്‍ പ്രവര്‍ത്തിച്ചിരുന്നതായും ഇത്തരം സേവനങ്ങള്‍ മാത്രമാണ് താന്‍ ചെയ്തിട്ടുള്ളതെന്നും ഹര്‍ജിയില്‍ പറയുന്നു.
അനന്തുവിന് വേണ്ടി പല കരാറുകളും തയാറാക്കിയിട്ടുണ്ട്. ആരോപിക്കപ്പെടുന്ന തുക വക്കീല്‍ ഫീസായി അഞ്ചുവര്‍ഷം കൊണ്ട് കൈപ്പറ്റിയതാണെന്നും ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് വെള്ളിയാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്കാന് കോടതി നിര്‍ദേശിച്ചത്.