കാരക്കുന്നം ഫാത്തിമമാതാ എൽപി സ്കൂൾ പ്ലാറ്റിനം ജൂബിലി
1515005
Monday, February 17, 2025 4:16 AM IST
കോതമംഗലം: കാരക്കുന്നം ഫാത്തിമമാതാ എൽപി സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി വർഷ ഉദ്ഘാടനം, സ്കൂൾ വാർഷികം, അധ്യാപക - രക്ഷാകർതൃ ദിനം എന്നിവ സംയുക്തമായി നാളെ നടക്കും. രാവിലെ 10ന് സ്കൂൾ മാനേജർ ഫാ. ജോർജ് വള്ളോംകുന്നേൽ അധ്യക്ഷത വഹിക്കുന്ന യോഗം ആന്റണി ജോണ് എംഎൽഎ ഉദ്ഘാടനം നിർവഹിക്കും.
കോതമംഗലം രൂപത വിദ്യാഭ്യാസ സെക്രട്ടറി ഫാ. ഷാജി മാത്യു മുണ്ടയ്ക്കൽ മുഖ്യപ്രഭാഷണവും മുൻ മാനേജറും പൂർവ വിദ്യാർഥിയുമായ റവ.ഡോ. തോമസ് ജെ. പറയിടം അനുഗ്രഹ പ്രഭാഷണവും നടത്തും. കോതമംഗലം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.ബി. സജീവ് സമ്മാനവിതരണം നിർവഹിക്കും.
ചാർട്ടേഡ് അക്കൗണ്ടന്റ് പരീക്ഷ പാസായ പൂർവ വിദ്യാർഥി തോമസ് ജോസിനെയും സംസ്ഥാനതല പാചക തൊഴിലാളികൾക്കായുള്ള പാചക മത്സരത്തിൽ റെസിപ്പി തയ്യാറാക്കി അവാർഡ് നേടിയ അധ്യാപിക എൽന എൽദോസിനെയും പാചക തൊഴിലാളി എ.ജി. രാജിയെയും എംപിടിഎ പ്രസിഡന്റ് അജിഷ തോമസിനെയും യോഗത്തിൽ ആദരിക്കും.
തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും പൂർവ വിദ്യാർഥികൾ നയിക്കുന്ന ഗ്ലോറിയ ബാൻഡ് സെറ്റിന്റെ ഗാനമേളയും ഉണ്ടായിരിക്കും.