ആദ്യ എട്ട് ഡിവിഷനുകള്‍ സ്ത്രീ സംവരണം: വാര്‍ഡ് നിര്‍ണയത്തില്‍ വട്ടംകറങ്ങി മുന്നണികള്‍
1600836
Sunday, October 19, 2025 4:30 AM IST
കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി കൊച്ചി കോര്‍പറേഷന്റെ സംവരണ വാര്‍ഡ് നിര്‍ണയം പൂര്‍ത്തിയായപ്പോള്‍ വട്ടംകറങ്ങി രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ഥി മോഹികളും. പശ്ചിമകൊച്ചി മേഖലയില്‍ ഒന്ന് മുതല്‍ എട്ടുവരെയുള്ള ഡിവിഷനുകള്‍ സ്ത്രീ സംവരണമായതോടെ സീറ്റുകളുടെ അനുപാതം തന്നെ മാറിപ്പോയെന്നാണ് ഇവരുടെ അഭിപ്രായം.
ഒരു മേഖല മുഴുവന്‍ സ്ത്രീ സംവരണമാകുമ്പോള്‍ അടുത്ത തവണ ഈ സീറ്റുകളൊക്കെ ജനറല്‍ വിഭാഗത്തിലേക്ക് വരും. ഇതു സ്ഥിരമായ അസുന്തലിതാവസ്ഥ സൃഷ്ടിക്കുമെന്നും നേതാക്കള്‍ ആശങ്കപ്പെടുന്നു. സംവരണ നിര്‍ണയത്തിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് പശ്ചിമകൊച്ചി മേഖലയിലെ രാഷ്ട്രീയ കക്ഷി നേതാക്കള്‍.
ഒന്ന് മുതല്‍ എട്ടുവരെയുള്ള ഫോര്‍ട്ട്കൊച്ചി, കല്‍വത്തി, ഈരവേലി, കരിപ്പാലം, ചെറളായി, മട്ടാഞ്ചേരി, ചക്കാമാടം, കരുവേലിപ്പടി ഡിവിഷനുകളാണ് പുതിയ നിര്‍ണയത്തില്‍ വനിതാ സംവരണ വാര്‍ഡുകളായത്. നേരത്തെ ഫോര്‍ട്ട്കൊച്ചി, കല്‍വത്തി, ഈരവേലി, കരിപ്പാലം, കൊച്ചങ്ങാടി, ചെറളായി, പനയപ്പിള്ളി ഡിവിഷനുകള്‍ ജനറല്‍ വിഭാഗവും മട്ടാഞ്ചേരി വനിതാ സംവരണവുമായിരുന്നു. വാര്‍ഡ് പുനര്‍വിഭജനത്തില്‍ ഇതില്‍ പല വാര്‍ഡുകളുടെയും പേരുകളും നമ്പറുകളും മാറി.
വാര്‍ഡ് പുനര്‍വിഭജനത്തിന് മുന്‍പ് 74 ഡിവിഷനുകള്‍ ഉണ്ടായിരുന്ന കൊച്ചി കോര്‍പറേഷനില്‍ അതിര്‍ത്തി നിര്‍ണയത്തിനു ശേഷം 76 ഡിവിഷനുകളായി വര്‍ധിച്ചു. ചില ഡിവിഷനുകള്‍ വിഭജിച്ച് രണ്ടായി. ഏതാനും ഡിവിഷനുകള്‍ നഷ്ടപ്പെട്ടു. മറ്റു ചില ഡിവിഷനുകളുടെ പേരുകള്‍ തന്നെ മാറി. ഡിവിഷനുകളുടെ എണ്ണം വര്‍ധിച്ചപ്പോള്‍ സ്ത്രീ സംവരണ വാര്‍ഡുകളുടെ എണ്ണം 37ല്‍ നിന്ന് 38 ആയും വര്‍ധിച്ചു. പുതുതായി ചേര്‍ക്കപ്പെട്ട മുണ്ടംവേലി വെസ്റ്റും ചങ്ങമ്പുഴയും വനിതാ സംവരണ വാര്‍ഡുകളായി.
പട്ടികജാതി സംവരണത്തിലും മാറ്റം ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ തവണ തട്ടാഴം, വടുതല ഈസ്റ്റ്, തഴപ്പ് ഡിവിഷനുകളായിരുന്നു പട്ടികജാതി സംവരണമെങ്കില്‍ ഇത്തവണ തമ്മനം, ഇടക്കൊച്ചി സൗത്ത്, കതൃക്കടവ് ഡിവിഷനുകളാണ് പട്ടികജാതി സംവരണമായത്. ഇതില്‍ ഇടക്കൊച്ചിയും തമ്മനവും പട്ടികജാതി സ്ത്രീ സംവരണവുമാണ്.