ആസിഡ് വീണ് യാത്രികര്‍ക്ക് പൊള്ളൽ: ടാങ്കര്‍ ലോറി ഡ്രൈവറെ അറസ്റ്റ് ചെയ്തു
1600833
Sunday, October 19, 2025 4:30 AM IST
കൊച്ചി : ഓടിക്കൊണ്ടിരുന്ന ടാങ്കര്‍ ലോറിയില്‍നിന്ന് സള്‍ഫ്യൂരിക് ആസിഡ് ദേഹത്തുവീണ് ബൈക്ക് യാത്രികരായ മൂന്നു പേര്‍ക്ക് പൊള്ളലേറ്റ സംഭവത്തില്‍ ടാങ്കര്‍ ലോറി ഡ്രൈവറെ അറസ്റ്റു ചെയ്തു. പാലാ തീക്കോയി മാടപ്പള്ളി എം.ആര്. ഗിരീഷിനെ(36) ആണ് എറണാകുളം സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്. അപകടകരമായി വാഹനമോടിച്ചതിനും അലക്ഷ്യമായി രാസവസ്തു കൈകാര്യം ചെയ്തതിനുമാണ് കേസ്.
ഇയാളെ പിന്നീട് സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചു. സംഭവത്തില്‍ കണ്ണമാലി കക്കടവ് പാലക്കാപ്പള്ളി വീട്ടില്‍ പി.എസ്. ബിനീഷിനാണ്(36) സാരമായി പൊള്ളലേറ്റത്. ബിനീഷിനെ കൂടാതെ ബൈക്ക് യാത്രികരായ ദമ്പതികള്‍ക്കും ആസിഡ് വീണ് നിസാരമായി പൊള്ളലേറ്റിരുന്നു. ചൊവ്വാഴ്ച വൈകിട്ട് 6.45ന് തേവര സിഗ്നലിനു സമീപമായിരുന്നു അപകടം.