വടാട്ടുപാറയിലെ വീടുകളിൽ കുരങ്ങുശല്യം
1600848
Sunday, October 19, 2025 4:43 AM IST
കോതമംഗലം: കാട്ടാന ഉൾപ്പെടെയുള്ള വന്യജീവികളെ കൊണ്ട് പൊറുതി മുട്ടിയ വടാട്ടുപാറയിൽ കുരങ്ങുശല്യവും വ്യാപകമായിരിക്കുകയാണ്. കൃഷി നശിപ്പിക്കുന്നതിനൊപ്പം വീടുകൾക്കുള്ളിൽ പ്രവേശിച്ചും നാശം വരുത്തുന്നു.
ഒറ്റയ്ക്കും കൂട്ടമായും എത്തുന്ന കുരങ്ങുകൾ പ്രദേശത്തെ തെങ്ങുകൾ എല്ലാം കാലിയാക്കും. വീടുകളിലെ അടുക്കളയിൽ കയറി ഭക്ഷണ സാധനങ്ങൾ കഴിക്കുന്നതും പാത്രങ്ങൾ നശിപ്പിക്കുന്നതും പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.
കഴിഞ്ഞ ദിവസം വടാട്ടുപാറ പണ്ടാരൻസിറ്റി വലിയകാലായിൽ ജോമോന്റെ വീട്ടിലെ അടുക്കളയിൽ കയറിയ കുരങ്ങനെ മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ് പുറത്തു ചാടിക്കാനായത്.
പ്രദേശത്ത് കൃഷി ചെയ്തിരിക്കുന്ന കപ്പ, വാഴ, ചേമ്പ്, ചേന, കൊക്കോ, മറ്റ് പഴവർഗങ്ങൾ എന്നിവയെല്ലാം കുരങ്ങുകൾ വ്യാപകമായി നശിപ്പിക്കുന്നുണ്ട്.