രാജ്യത്തെ ഏറ്റവും വലിയ ഡ്രഡ്ജര്‍ ഉള്‍പ്പെടെ മൂന്ന് കപ്പലുകള്‍ നീറ്റിലിറക്കി കൊച്ചിന് ഷിപ്പ്യാര്ഡ്
1600846
Sunday, October 19, 2025 4:43 AM IST
കൊച്ചി: മേക്ക് ഇന്‍ ഇന്ത്യ ആശയത്തില്‍ 90 ശതമാനവും തദ്ദേശീയ ഉത്പന്നങ്ങള്‍ ഉപയോഗിച്ച് നിര്‍മിച്ച മൂന്നു വ്യത്യസ്തയിനം കപ്പലുകള്‍ നീറ്റിലിറക്കി കൊച്ചിന് ഷിപ്പ്യാര്ഡ്. നാവികസേനയ്ക്ക് വേണ്ടി നിര്‍മിച്ച അന്തര്‍വാഹിനി ആക്രമണ പ്രതിരോധ കപ്പല്‍, ഹൈബ്രിഡ് ഇലക്ട്രിക് മെഥനോള്‍റെഡി കമ്മീഷനിംഗ് സര്‍വീസ് ഓപ്പറേഷന് വെസല്‍, രാജ്യത്തെ ഏറ്റവും വലിയ ഡ്രഡ്ജറായ ഡിസിഐ ഡ്രഡ്ജ് ഗോദാവരി എന്നിവയാണ് ഇന്നലെ നീറ്റിലിറക്കിയത്.
രാജ്യത്തിന്റെ നാവിക പ്രതിരോധ മേഖല, വാണിജ്യ കപ്പല്‍ നിര്‍മാണം, ഹരിത സമുദ്രഗതാഗതം എന്നിവയില്‍ കൊച്ചിന് ഷിപ്പ്യാര്ഡ് കരസ്ഥമാക്കിയ എന്‍ജിനീയറിംഗ് വൈദഗ്ധ്യത്തിന്റെയും നേതൃത്വ മികവിന്റെയും തെളിവാണ് പുതിയ കപ്പലുകളെന്ന് കൊച്ചിന് ഷിപ്പ്യാര്ഡ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മധു എസ്.നായര്‍ പറഞ്ഞു.
ഇന്ത്യന്‍ നേവിക്കുവേണ്ടി നിര്‍മിച്ച ആറാമത്തെ അന്തര്‍വാഹിനി കപ്പലാണ് ആന്റി സബ്മറൈന് വാര്‍ഫെയര്‍ ഷാലോ വാട്ടര്‍ ക്രാഫ്റ്റ് എഎസ്ഡബ്ല്യു എസ്ഡബ്ല്യുസി. നാവികസേന വൈസ് അഡ്മിറല്‍ ആര്.സ്വാമിനാഥന്റെ പത്നി രേണു രാജാറാം ലോഞ്ചിംഗ് നിര്‍വഹിച്ചു. 12,000 ക്യുബിക് മീറ്റര്‍ കപ്പാസിറ്റിയുള്ള രാജ്യത്തെ ഏറ്റവും വലിയ സക്ഷന്‍ ഹോപ്പര്‍ ഡ്രഡ്ജര്‍ ഡിസിഐ ഡ്രഡ്ജ് ഗോദാവരിയുടെ ലോഞ്ചിംഗ് ഡ്രഡ്ജിംഗ് കോര്പറേഷന് ഓഫ് ഇന്ത്യ പ്രതിനിധി ശിരോഭൂഷണം സുജാത നിര്‍വഹിച്ചു.
തീരത്തുനിന്ന് അകലെയായുള്ള പ്രവര്‍ത്തികള്‍ക്കായി രൂപകല്‍പ്പന ചെയ്ത ഹൈബ്രിഡ് ഇലക്ട്രിക് മെഥനോള്‍റെഡി കമ്മീഷനിംഗ് സര്‍വീസ് ഓപ്പറേഷന് വെസലിന്റെ ലോഞ്ചിംഗ് കൊച്ചി പോര്‍ട്ട് അഥോറിറ്റി ചെയര്‍പേഴ്സണ്‍ ബി കാശിവിശ്വനാഥന്റെ പത്നി വസന്തയും നിര്‍വഹിച്ചു.
ചടങ്ങില്‍ നാവികസേന വൈസ് അഡ്മിറല്‍ ആര് സ്വാമിനാഥന്,
കൊച്ചി പോര്‍ട്ട് അഥോറിറ്റി ചെയര്‍പേഴ്സണ്‍ ബി.കാശിവിശ്വനാഥന്, ഡ്രഡ്ജിംഗ് കോര്പറേഷന് ഓഫ് ഇന്ത്യ ലിമിറ്റഡ് ചെയര്മാന് ഡോ. എം.അംഗമുത്തു, പെലാജിക് വിന്‍ഡ് സര്‍വീസസ് സിഇഒ ആന്ദ്രെ ഗ്രോനെവെല്‍ഡ്, കൊച്ചിന് ഷിപ്പ്യാര്ഡ് സിഎംഡി മധു എസ്.നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.