സെൻട്രൽ കേരള സിബിഎസ്ഇ സഹോദയ കലോത്സവം : തൊട്ടതെല്ലാം പൊന്നാക്കി ക്രിസ്ലിൻ സജി
1600819
Sunday, October 19, 2025 4:17 AM IST
തൊടുപുഴ: ഹൈക്കോടതി വിധിയുമായി കലോത്സവത്തിനെത്തിയ ക്രിസ്ലിൻ സജി തൊട്ടതെല്ലാം പൊന്നാക്കി. മൂവാറ്റുപുഴ നിർമല പബ്ലിക് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായ ക്രിസ്ലിൻ കാറ്റഗറി 3 വിഭാഗത്തിൽ ഭരതനാട്യം, നാടോടി നൃത്തം, കുച്ചിപ്പുടി എന്നീ ഇനങ്ങളിലാണ് ഒന്നാം സ്ഥാനത്തെത്തിയത്. ഭരതനാട്യ മത്സരത്തിൽ സ്കൂൾ തലത്തിൽ ക്രിസ്ലിൻ രണ്ടാം സ്ഥാനത്തായിരുന്നു.
തുടർന്ന് ഹൈക്കോടതിയിൽ നിന്നും അനുകൂല വിധി സന്പാദിച്ചാണ് സെൻട്രൽ കേരള സഹോദയ കലോത്സവത്തിൽ മാറ്റുരയ്ക്കാനെത്തിയത്. താളപ്പെരുമ എന്ന പ്രമേയം അവതരിപ്പിച്ചാണ് നാടോടി നൃത്തത്തിൽ ഒന്നാമതെത്തിയത്. കഴിഞ്ഞ വർഷം കുച്ചുപ്പുടിയിലും അതിന് മുന്പ് നാടോടി നൃത്തത്തിലും മിന്നും പ്രകടനം കാഴ്ചവച്ച് ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു.
ഇന്നലെ നടന്ന കുച്ചുപ്പുടിയിലും ഒന്നാമതെത്തിയാണ് ഈ മിടുക്കി കലോത്സവത്തിൽ താരമായത്. മൂവാറ്റുപുഴ ചക്രാംവേലിൽ സജി - നീന ദന്പതികളുടെ മകളാണ്. എറണാകുളത്ത് നാട്യശാല സ്കൂൾ ഓഫ് ഡാൻസ് നടത്തുന്ന സൂരജ് നായരാണ് ഗുരു.
കുച്ചുപ്പുടിയിൽ സുവർണ നേട്ടം
തൊടുപുഴ: കുച്ചിപ്പുടി ബോയ്സ് വിഭാഗത്തിൽ വാഴക്കുളം കാർമൽ പബ്ലിക് സ്കൂളിന് തിളക്കമേറെ. കാറ്റഗറി -4 വിഭാഗത്തിൽ പ്ലസ് വണ് വിദ്യാർഥിയായ ദേവനാരായണൻ സുഭാഷ് ഒന്നാം സ്ഥാനം നേടിയപ്പോൾ കാറ്റഗറി -3 ൽ ഇതേ സ്കൂളിലെ നദാൻ ക്രിസ്റ്റോ ജോർജും ഒന്നാം സ്ഥാനം കരസ്ഥമാക്കി.
ഒൻപതാം ക്ലാസ് വിദ്യാർഥിയാണ് നദാൻ. ദേവനാരായണന് ഭരതനാട്യം, നാടോടി നൃത്തം, ദഫ്മുട്ട് എന്നിവയിൽ രണ്ടാം സ്ഥാനവും ലഭിച്ചിരുന്നു.
കോൽക്കളിയിലും ദഫ്മുട്ടിലും നിർമല
തൊടുപുഴ: കോൽക്കളിയിലും ദഫ്മുട്ടിലും വാഴക്കുളം നിർമല പബ്ലിക് സ്കൂളിന്റെ ആധിപത്യം. എട്ടു മുതൽ പത്തു വരെ ക്ലാസുകളിലെ കുട്ടികളാണ് കോൽക്കളിയിൽ അരങ്ങു തകർത്തത്. കഴിഞ്ഞ രണ്ടു വർഷം ഒഴിച്ച് പത്തു വർഷം ഒപ്പന മത്സരത്തിൽ സ്കൂൾ ഒന്നാം സ്ഥാനം നേടിയിരുന്നു.
ഇത്തവണ ഒരു മീ മുമേൽ മുഹമ്മത്ത് എന്നു തുടങ്ങുന്ന ഗാനമാണ് കോൽക്കളിയ്ക്ക് ഉപയോഗിച്ചത്. പാനായിക്കുളം മാഹിൻ മേത്താനമാണ് കോൽക്കളി പരിശീലിപ്പിച്ചത്. അഫ്സൽ തമ്മനമാണ് ദഫ്മുട്ടിൽ ഗുരു.
ഇരട്ടി മധുരവുമായി നിയ
തൊടുപുഴ: കാറ്റഗറി - 3 വിഭാഗം ഓട്ടൻതുള്ളലിൽ ഒന്നാം സ്ഥാനം നേടിയ നിയ അനി മാത്യുവിന് ഇരട്ടി മധുരം. ഇതിനു പുറമെ മോഹിനിയാട്ടത്തിനും നിയ ഒന്നാം സ്ഥാനം നേടിയിരുന്നു. 25 മണിക്കൂർ തുടർച്ചയായി ഓട്ടൻതുള്ളൽ അവതരിപ്പിച്ച് ഗിന്നസ് വേൾഡ് റിക്കാർഡ് നേടിയ കുറിച്ചിത്താനം ജയകുമാറാണ് ഗുരു.
രമ്യ ഹരീഷാണ് മോഹിനിയാട്ടം പരിശീലിപ്പിക്കുന്നത്. കിരാതം കഥയാണ് ഓട്ടൻതുള്ളലിൽ നിയ അവതരിപ്പിച്ചത്. ചെറുപ്പം മുതൽ നൃത്തം അഭ്യസിക്കുന്ന നിയ വാഴക്കുളം ബെത്ലഹേം ഇന്റർനാഷണൽ സ്കൂളിൽ പത്താം ക്ലാസ് വിദ്യാർഥിനിയാണ്. തൊടുപുഴ സ്വദേശി അനിമോൻ മാത്യു - രമ്യ ദന്പതികളുടെ മകളാണ്.