കത്തോലിക്ക കോൺഗ്രസ് : അവകാശ സംരക്ഷണയാത്ര ഇന്ന് കോതമംഗലത്ത്
1600671
Saturday, October 18, 2025 4:13 AM IST
കോതമംഗലം: കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് പ്രഫ. രാജീവ് കൊച്ചുപറമ്പിൽ നയിക്കുന്ന അവകാശ സംരക്ഷണ യാത്രക്ക് ഇന്ന് കോതമംഗലത്ത് സ്വീകരണം നൽകും. ഇതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി രൂപത ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
നീതി ഔദാര്യമല്ല അവകാശമാണ് എന്ന മുദ്രാവാക്യം ഉയർത്തിയാണ് ജാഥ സംഘടിപ്പിച്ചിരിക്കുന്നത്.
മതേതരത്വ ഭരണഘടന സംരക്ഷിക്കുക, ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കുക, വന്യമൃഗ ശല്യം പരിഹരിക്കുക, ഭൂനിയമങ്ങൾ നടപ്പിലാക്കുക, കാർഷിക ഉത്പന്ന വില തകർച്ചയ്ക്ക് ശാശ്വത പരിഹാരം കാണുക, വിദ്യാഭ്യാസ-ന്യൂനപക്ഷ അവഗണന അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് അവകാശ സംരക്ഷണ യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. 13ന് കാസർഗോഡ്നിന്ന് ആരംഭിച്ച യാത്ര 24ന് തിരുവനന്തപുരം സെക്രട്ടറിയേറ്റ് പടിക്കൽ സമാപിക്കും .
ഇന്ന് വൈകിട്ട് അഞ്ചിന് കോതമംഗലത്ത് എത്തുന്ന യാത്രക്ക് ചെറിയ പള്ളിത്താഴത്ത് രൂപത കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകും. സ്വീകരണത്തിന് മുന്നോടിയായി സെന്റ് ജോർജ് കത്തീഡ്രൽ അങ്കണത്തിൽനിന്നും ആരംഭിക്കുന്ന റാലി ഹൈറേഞ്ച് കവല ചുറ്റി ചെറിയപള്ളിത്താഴത്ത് സമാപിക്കും. രൂപതയിൽ നിന്നും 3,000 ത്തോളം ആളുകൾ റാലിയിൽ അണിനിരക്കും.
ചെറിയ പള്ളിത്താഴത്ത് ചേരുന്ന സ്വീകരണ യോഗം രൂപത ജനറാൾ മോൺ. പയസ് മലേക്കണ്ടത്തിൽ ഉദ്ഘാടനം ചെയ്യും.
രൂപത പ്രസിഡന്റ് സണ്ണി കടുത്താഴെ അധ്യക്ഷത വഹിക്കും. ഗ്ലോബൽ ഡയറക്ടർ ഫാ. ഫിലിപ്പ് കവിയിൽ, ഗ്ലോബൽ സെക്രട്ടറി പ്രഫ. ജോസുകുട്ടി ഒഴുകയിൽ, രൂപത ഡയറക്ടർ ഫാ. മാനുവൽ പിച്ചളക്കാട്ട്, കത്തീഡ്രൽ വികാരി റവ. ഡോ. മാത്യു കൊച്ചുപുരയ്ക്കൽ. രൂപത ജനറൽ സെക്രട്ടറി മത്തച്ചൻ കളപ്പുരക്കൽ, ട്രഷറർ തമ്പി പിട്ടാപ്പിള്ളിൽ എന്നിവർ പ്രസംഗിക്കും. യാത്രയുടെ ക്യാപ്റ്റൻ പ്രഫ. രാജീവ് കൊച്ചുപറമ്പിൽ മറുപടി പ്രഭാഷണം നടത്തും.
പത്രസമ്മേളനത്തിൽ രൂപത പ്രസിഡന്റ് സണ്ണി കടൂത്താഴെ, ജനറൽ സെക്രട്ടറി മത്തച്ചൻ കളപ്പുരക്കൽ, ട്രഷറർ തമ്പി പിട്ടാപ്പിള്ളിൽ, രൂപത ഡയറക്ടർ ഫാ. മാനുവൽ പിച്ചളക്കാട്ട്, കത്തീഡ്രൽ വികാരി റവ. ഡോ. മാത്യു കൊച്ചുപുരയ്ക്കൽ രൂപത എക്സിക്യൂട്ടീവ് അംഗങ്ങളായ ബേബിച്ചൻ നിധീയിരിക്കൽ സനൽ പാറങ്കിമാലിൽ എന്നിവർ പങ്കെടുത്തു.