പെരുന്പാവൂർ ഉപജില്ലാ സ്കൂള്‍ കലോത്സവം 22 മുതല്‍
1600840
Sunday, October 19, 2025 4:43 AM IST
പെരുമ്പാവൂര്‍: ഉപജില്ലാതല കേരള സ്കൂള്‍ കലോത്സവം 22 മുതല്‍ 25 വരെ വെങ്ങോല ശാലേം വിഎച്ച്എസ്, ശാലേം ഇംഗ്ലീഷ് മീഡിയം, മാര്‍ത്തോമ എല്‍പി സ്കൂളുകളിലായി 11 വേദികളില്‍ നടക്കും. 22ന് രാവിലെ ഒന്‍പതിന് എഇഒ ഒ.കെ. ബിജിമോള്‍ പതാക ഉയര്‍ത്തും. തുടര്‍ന്ന് രചനാ മത്സരങ്ങള്‍ നടക്കും. 23-ന് ഉച്ചകഴിഞ്ഞ് മൂന്നിന് ബെന്നി ബഹനാന് എംപി 64-ാമത് കലോത്സവം വര്‍ണ്ണോത്സവം 2025 ഉദ്ഘാടനം ചെയ്യും.
മാത്യൂസ് മാര്‍ അപ്രേം മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തും. ലോഗോ തയാറാക്കിയ വിദ്യാര്‍ഥി പി.എന്‍. മുഹമ്മദ് നിഹാലിനെ ആദരിക്കും. എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ അധ്യക്ഷത വഹിക്കും. പി.വി. ശ്രീനിജന് എംഎല്‍എ ലോഗോ സമ്മാനദാനം നടത്തും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടന്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.എം. അന്‍വര്‍ അലി, എന്‍.എം. സലിം, സംഘാടക സമിതി ചെയര്മാന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. എല്‍ദോസ് തുടങ്ങിയ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ അധ്യക്ഷര്‍, ജനപ്രതിനിധികള്‍, മാനേജ്മെന്റ് പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.
ഉപ ജില്ലയിലെ 80 സ്കൂളുകളില്‍ നിന്നായി എല്‍പി, യുപി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളില്‍ 6000ത്തോളം വിദ്യാര്‍ഥികള്‍ മത്സരങ്ങളിൽ പങ്കെടുക്കും.