കൊച്ചി കോര്‍പറേഷനിലെ കൈക്കൂലി : സൂപ്രണ്ട് നോട്ടപ്പുള്ളി; കണക്കില്‍പ്പെടാത്ത പണവും രേഖകളും പിടിച്ചെടുത്തു
1600668
Saturday, October 18, 2025 4:03 AM IST
കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് പിടിയിലായ കൊച്ചി കോര്‍പറേഷനിലെ ഉദ്യോഗസ്ഥരില്‍ നിന്നു കണക്കില്‍പ്പെടാത്ത പണം കണ്ടെത്തി. ഇടപ്പള്ളി സോണല്‍ ഓഫീസ് സൂപ്രണ്ട് ലാലിച്ചന്റെ ആലപ്പുഴ തുമ്പോളിയിലുള്ള വീട്ടില്‍ നടത്തിയ പരിശോധനയില്‍ കണക്കില്‍പ്പെടാത്ത 1,35,500 രൂപയും പണമിടപാടുകള്‍ സംബന്ധിച്ച വിവിധ രേഖകളും വിജിലന്‍സ് സംഘം പിടിച്ചെടുത്തു.
ഇയാള്‍ക്കൊപ്പം അറസ്റ്റിലായ റവന്യൂ ഇന്‍സ്പെക്ടര്‍ തിരുവനന്തപുരം വലിയതുറ സ്വദേശി മണികണ്ഠന് താല്‍ക്കാലികമായി താമസിക്കുന്ന കൊച്ചിയിലെ ക്വാര്‍ട്ടേഴ്സില്‍ നടത്തിയ പരിശോധനയില്‍ കണക്കില്‍പ്പെടാത്ത 46,000 രൂപയും തിരുവനന്തപുരം വലിയതുറയിലുള്ള വീട്ടില്‍ നിന്ന് കണക്കില്‍പ്പെടാത്ത 11,500 രൂപയും പണമിടപാടുകള്‍ സംബന്ധിച്ച ബാങ്ക് രേഖകളും വിജിലന്‍സ് കണ്ടെത്തി. ഇരുവരും നേരത്തെ ഇത്തരത്തില്‍ പണം വാങ്ങിയിരുന്നതായാണ് വിജിലന്‍സിന്റെ നിഗമനം. ഇരുവരെയും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും.
ഓണ്‍ലൈന്‍ സംവിധാനം ഉണ്ടായിട്ടും ഫയലുകള്‍ മനപൂര്‍വം വൈകിപ്പിക്കുന്നതിനെക്കുറിച്ച് മേലുദ്യോഗസ്ഥര്‍ പരിശോധിക്കാത്തതില്‍ പരക്കെ ആക്ഷേപം ഉയരുന്ന സാഹചര്യത്തില്‍ മേലുദ്യോഗസ്ഥരുടെ പങ്കും അന്വേഷിക്കാന്‍ നീക്കമുണ്ട്.
ലാലിച്ചന്‍ കൈക്കൂലി പട്ടികയില്‍
അറസ്റ്റിലായ ലാലിച്ചന്‍ വിജിലന്‍സിന്റെ കൈക്കൂലി പട്ടികയില്‍ ഉള്‍പ്പെട്ടിരുന്ന ആളാണ്. ഇയാള്‍ കൈക്കൂലി വാങ്ങിയിരുന്നത് സംബന്ധിച്ച് വിജിലന്‍സിന് നേരത്തെ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇയാളെ നിരീക്ഷിച്ച് വരുന്നതിനിടെയാണ് അഭിഭാഷകന്റെ പരാതി എത്തുന്നതും ലാലിച്ചന്‍ പിടിയിലാകുന്നതും.
കെട്ടിടത്തിന്റെ ഉടമസ്ഥത മാറ്റാന്‍ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇരുവരും വ്യാഴാഴ്ച വിജിലന്‍സിന്റെ പിടിയിലായത്. ലാലിച്ചന്റെ മുറിയില്‍ നിന്നാണ് ഇവരെ പിടികൂടിയത്. ലാലിച്ചന്‍ 5,000 രൂപയും മണികണ്ഠന് 2,000 രൂപയുമാണ് കൈക്കൂലിയായി ആവശ്യപ്പെട്ടത്.
മേഖലാ ഓഫീസ് പരിധിയില്‍ വരുന്ന കെട്ടിടത്തിന്റെ ഉടമസ്ഥത മാറ്റിനല്‍കുന്നതിന് ഉടമസ്ഥനുവേണ്ടി ഇടപ്പള്ളി സ്വദേശിയായ അഭിഭാഷകന് 2025 മേയില്‍ ഓണ്‍ലൈനില്‍ അപേക്ഷിച്ചിരുന്നു.
എന്നാല്‍ അപേക്ഷയില്‍ പല കാരണങ്ങള്‍ പറഞ്ഞ് നടപടി സ്വീകരിക്കാതെ ഉദ്യോഗസ്ഥര്‍ വൈകിപ്പിക്കുകയായിരുന്നു. തുടര്‍ന്നാണ് ഇരുവരും കൈക്കൂലി ആവശ്യപ്പെട്ടത്.