വെർച്വൽ തട്ടിപ്പ്: വീട്ടമ്മയുടെ കോടികൾ തട്ടിയ കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ
1600667
Saturday, October 18, 2025 4:03 AM IST
ഫോർട്ടുകൊച്ചി: വീട്ടമ്മയിൽ നിന്നു രണ്ടു കോടി 88 ലക്ഷം തട്ടിയെടുത്ത കേസില്‍ രണ്ടു പേര് കൂടി പിടിയിലായി. ഡല്‍ഹി സ്വദേശികളായ അതുല്‍ താക്കൂര്‍(29), മുഹമ്മദ് ദില്‍ഷാദ് (25) എന്നിവരെയാണ് ഡല്‍ഹിയില്‍ നിന്ന് എസ്ഐ ജിമ്മി ജോസിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. മുഖ്യപ്രതിയായ മഹാരാഷ്ട്ര സ്വദേശി സന്തോഷ് കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇപ്പോൾ പിടികൂടിയ രണ്ടു പേരും ഇ-കൊമേഴ്സ് (ഓൺലൈൻ ബിസിനസ് ) നടത്തുന്നവരും ഡൽഹിയിൽ സ്ഥിരതാമസക്കാരുമാണ്. മൂന്ന് സംസ്ഥാനങ്ങളിൽ ഇവർക്കെതിരെ സമാന കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു. മട്ടാഞ്ചേരി ആന വാതില്‍ സ്വദേശിനിയായ വീട്ടമ്മയുടെ പണമാ ണ് നഷ്ടമായത്.
മുംബൈ തിലക് നഗര്‍ പോലീസ് സ്റ്റേഷനില്‍ വീട്ടമ്മയ്ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും വെര്‍ച്വല്‍ അറസ്റ്റ് ചെയ്തിരിക്കുകയാണെന്നും തെറ്റിദ്ധരിപ്പിച്ച് കേസില്‍ നിന്ന് ഒഴിവാക്കി തരാമെന്ന് പറഞ്ഞ് പല തവണകളയി പണം തട്ടിയെടുക്കുകയായിരുന്നു.
കൃത്രിമ കോടതി സൃഷ്ടിച്ച് വീട്ടമ്മയ്ക്കെതിരെ വിസ്താരം നടത്തി വീഡിയോ വീട്ടമ്മയ്ക്ക് കാണിച്ചായിരുന്നു പണം തട്ടിയെടുത്തത്. കേസിൽ ഇനിയും പ്രതികളെ പിടികൂടാനുണ്ടെന്ന് പോലീസ് പറഞ്ഞു.