മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു : പെരുമ്പാവൂര്‍ താലൂക്കാശുപത്രിയില്‍ രോഗികളുടെ ദുരിതത്തിന് പരിഹാരം
1600680
Saturday, October 18, 2025 4:13 AM IST
കൊച്ചി : പെരുമ്പാവൂര്‍ താലൂക്കാശുപത്രിയില്‍ ലിഫ്റ്റ് ഇല്ലാത്തതിനാല്‍ രോഗികളെ സ്ട്രെക്ചറില്‍ ചുമന്നുകൊണ്ടുപോയതു പോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് എറണാകുളം ഡിഎംഒ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. മനുഷ്യാവകാശ കമ്മീഷന് ചെയര്‍പേഴ്സണ്‍ ജസ്റ്റീസ് അലക്സാണ്ടര്‍ തോമസിന്റെ ഇടപെടലിന്റെ അടിസ്ഥാനത്തിലാണ് നടപടി.
അംഗപരിമിതരെയും നടക്കാന്‍ ബുദ്ധിമുട്ടുള്ളവരെയും ആശുപത്രിയുടെ താഴത്തെ നിലയിലാണ് പ്രവേശിപ്പിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഓഗസ്റ്റ് 26 ന് പത്തടിപ്പാലം റസ്റ്റ് ഹൗസില്‍ നടത്തിയ സിറ്റിംഗില്‍ ഡിഎംഒയുടെ പ്രതിനിധിയും താലൂക്കാശുപത്രി സൂപ്രണ്ടും ഹാജരായിരുന്നു.
താലൂക്കാശുപത്രിയിലെ ഒപിയും കാഷ്വാലിറ്റിയും ഒരു ബ്ലോക്കിലായിരുന്നുവെന്നും വാര്‍ഡ് നവീകരണ സമയത്ത് ഒപിയും കാഷ്വാലിറ്റിയും താത്കാലികമായി താഴത്തെ നിലയിലേക്ക് മാറ്റിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അഞ്ചാം വാര്‍ഡിലെ കിടപ്പുരോഗികളെ ഒന്നാം നിലയിലുള്ള ആറാം വാര്‍ഡിലേക്ക് മാറ്റി. ആശുപത്രിയില്‍ ലിഫ്റ്റ് ഇല്ലാത്തതിനാല്‍ പടിക്കെട്ട് വഴിയാണ് ഇവരെ കൊണ്ടുപോയത്. ഇതാണ് പരാതിക്ക് ആസ്പദമായത്.
ബ്ലോക്കിന്റെ നവീകരണം പൂര്‍ത്തിയാക്കി ഒപിയും കാഷ്വാലിറ്റിയും ആ ബ്ലോക്കിലേക്ക് മാറ്റിയതായി ആശുപത്രി സൂപ്രണ്ട് അറിയിച്ചു. ആശുപത്രിക്കെട്ടിടത്തിന് കാലപ്പഴക്കമുള്ളതിനാൽ ലിഫ്റ്റ് സ്ഥാപിക്കാന്‍ ബുദ്ധിമുട്ടുണ്ട്. കിടപ്പുരോഗികളുടെ എണ്ണം വര്‍ധിച്ചാല്‍ കുറെ രോഗികളെയെങ്കിലും മുകളിലത്തെ നിലയിലുള്ള വാര്‍ഡില്‍ പ്രവേശിപ്പിക്കേണ്ടി വന്നേക്കാമെന്നും സൂപ്രണ്ട് അറിയിച്ചു. ബുദ്ധിമുട്ടുകൾ പരിഹരിച്ച സാഹചര്യത്തില്‍ കമ്മീഷൻ കേസ് തീര്‍പ്പാക്കി.