സ്ലാബിന്റെ കോൺക്രീറ്റ് ഇളകി : സംസ്ഥാനപാതയിൽ ഇരുചക്ര വാഹനങ്ങൾക്ക് അപകടക്കെണി
1600838
Sunday, October 19, 2025 4:30 AM IST
വൈപ്പിൻ: വൈപ്പിൻ സംസ്ഥാനപാതയിലെ എട്ടു പാലങ്ങളുടെയും മേൽഭാഗത്തെ കോൺക്രീറ്റ് തകർച്ചയിൽ. ജിഡ ഫണ്ട് ഉപയോഗിച്ച് ഒരു വ്യാഴവട്ട കാലത്തിനു മുൻപ് നിർമിച്ച പാലങ്ങൾ ഇരുചക്ര വാഹനങ്ങൾക്ക് അപകടക്കെണിയായി മാറിയിരിക്കുകയാണ്. മാത്രമല്ല ഇത് ഭാവിയിൽ പാലങ്ങൾക്ക് ബലക്ഷയം ഉണ്ടാക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. മേൽഭാഗം ടാർ ചെയ്യാത്തതിനെ തുടർന്നാണ് ഇങ്ങനെ പൊട്ടിപ്പൊളിയുന്നത്.
പള്ളിപ്പുറം കോൺവന്റ്, ചെറായി കരുത്തല, കുഴുപ്പിള്ളി വാടകത്തോട്, എടവനക്കാട് ചാത്തങ്ങാട്, പഴങ്ങാട്, അണിയിൽ, നായരമ്പലം, മാനാട്ടുപറമ്പ് എന്നീ പാലങ്ങളിലാണ് മേൽഭാഗത്തെ കോൺക്രീറ്റ് ഇളകിക്കിടക്കുന്നത്. പരാതി ഉയരുമ്പോൾ എല്ലാം പൊതുമരാമത്ത് വകുപ്പ് പൊട്ടിപ്പൊളിഞ്ഞ ഭാഗത്ത് അല്പം കോൺക്രീറ്റ് മിശ്രിതം ഇട്ട് ഓട്ടയടയ്ക്കുകയാണ് പതിവ്. ഒരാഴ്ച തികയും മുമ്പേ ഇത് വീണ്ടും പൊട്ടിപ്പൊളിയും.
പാലം ടാർ ചെയ്യേണ്ടത് പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗമാണത്രേ. എന്നാൽ ഇവരാകട്ടെ പാലം നിർമിച്ച സമയത്ത് ടാറിങ് നടത്തിയില്ല. ഇതിനാലാണ് റോഡ് വിഭാഗം റോഡ് ടാറി നടത്തിയിട്ടും പാലം ടാർ ചെയ്യാതിരുന്നതെന്നാണ് അറിവ്.