കൊ​ച്ചി: വൈ​ക്ക​ത്തെ മൊ​ബൈ​ല്‍​ഷോ​പ്പ് കു​ത്തി​ത്തു​റ​ന്ന് 17 മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍ മോ​ഷ്ടി​ച്ച്, എ​റ​ണാ​കു​ള​ത്ത് വി​ല്‍​ക്കാ​ന്‍ ശ്ര​മി​ച്ച സം​ഘ​ത്തി​ലെ അ​ഞ്ചു യു​വാ​ക്ക​ള്‍ അ​റ​സ്റ്റി​ല്‍.

വൈ​ക്കം തോ​ട്ട​കം പ​ടിഞ്ഞാ​റേ പീ​ടി​ക​ത്ത​റ​വീ​ട്ടി​ല്‍ ആ​ദി​ശേ​ഷ​ന്‍ (21), തോ​ട്ട​കം ഇ​ണ്ടാം​തു​രു​ത്തി​ല്‍ ആ​ദ​ര്‍​ശ് അ​ഭി​ലാ​ഷ് (18), ക​ടു​ത്തു​രു​ത്തി പുഴ​യ്ക്ക​ല്‍ മാ​നാ​ര്‍ ജോ​സ് നി​വാ​സില്‍ ​മാ​ര്‍​ക്കോ​സ് (20), ചേ​ര്‍​ത്ത​ല പ​ള്ളി​പ്പു​റം ഭ​ഗ​വ​തി​വെ​ളി​യില്‍ ​ത​മ്പു​രാ​ന്‍ സേ​തു എ​ന്നി​വ​രെ​യാ​ണ് എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പോ​ലീ​സ് എ​സ്എ​ച്ച്ഒ അ​നീ​ഷ് ജോ​യി, എ​സ്‌​ഐ അ​നൂ​പ് ചാ​ക്കോ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.

പോ​ലീ​സി​നെ ക​ണ്ട് ഓ​ടി ര​ക്ഷ​പ്പെ​ട്ട ര​ണ്ട് യു​വാ​ക്ക​ളി​ല്‍ ഒ​രാ​ളെ പി​ന്നീ​ട് വൈ​ക്കം പോ​ലീ​സും അ​റ​സ്റ്റു ചെ​യ്തു. പ​ള്ളി​പ്പു​റം സ്വ​ദേ​ശി ശി​വ​ദി(18)​നെ​യാ​ണ് വൈ​ക്കം പോ​ലീ​സ് സ്റ്റേ​ഷ​ന്‍ എ​സ്എ​ച്ച്ഒ എ​സ്. സു​കേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം മു​ള​ന്തു​രു​ത്തി​യി​ല്‍ നി​ന്ന് അ​റ​സ്റ്റ് ചെ​യ്തത്. മ​റ്റൊ​രു പ്ര​തി​യെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സം വൈ​ക്കം ക​ച്ചേ​രി​ക്ക​വ​ല​യി​ലെ എ.​ജെ മൊ​ബൈ​ല്‍ ഷോ​പ്പി​ല്‍ നി​ന്നാ​ണ് ആ​റം​ഗ സം​ഘം 17 മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍ ക​വ​ര്‍​ന്ന​ത്. ഇവയ്ക്ക് അ​ഞ്ചു ല​ക്ഷ​ത്തോ​ളം രൂ​പ വി​ല വ​രും. ഫോ​ണു​ക​ള്‍ വി​ല്‍​ക്കാ​നാ​യി ക​ഴി​ഞ്ഞ ദി​വ​സം വൈ​കുന്നേരം ഇ​വ​ർ എ​റ​ണാ​കു​ളം പെ​ന്‍റാ മേ​ന​ക​യി​ലെ മൊ​ബൈ​ല്‍​ഷോ​പ്പി​ലെ​ത്തി​യ​പ്പോ​ൾ സം​ശ​യം തോ​ന്നി​യ ജീ​വ​ന​ക്കാ​ര്‍ പോ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് ര​ണ്ട് യു​വാ​ക്ക​ള്‍ ഓ​ടി​ ര​ക്ഷ​പ്പെ​ട്ട​ത്.